തിരുവനന്തപുരം: പിഎംശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിലും എബിവിപി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ചതിലും വിമര്‍ശനവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് എബിവിപി ശിവന്‍കുട്ടിയെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ വകുപ്പും വകുപ്പു മന്ത്രിയും തെറ്റായ പാതയിലാണ് നീങ്ങുന്നതെന്ന് ജിസ്‌മോന്‍ പറഞ്ഞു. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

To advertise here,

സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവന്‍കുട്ടിക്കുണ്ടാവണമെന്നും ജിസ്‌മോന്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാല്‍ വേറെ വഴിയില്ലത്രേ!

സാമ്പത്തിക ദാരിദ്ര്യത്തിന് കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാനാകുമോ?

ഏതൊരു പ്രതിസന്ധിയേയും അന്തരികവും ബാഹ്യവുമായ സമരത്തിലൂടെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പഠിച്ച കമ്യൂണിസം പറയുന്നത്.

അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പുന്നപ്ര- വയലാര്‍ സമരത്തിലേക്ക് പോകും മുന്‍പ് സര്‍ സി.പിയുമായി സഖാവ് ടി.വി തോമസിന്റെ നേതൃത്വത്തില്‍ 27 ഇന ആവശ്യങ്ങളുയര്‍ത്തി ചര്‍ച്ചനടത്തി. രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. സി.പി നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം ഞാന്‍ അംഗീകരിക്കുന്നു രാഷ്ട്രീയ ആവശ്യങ്ങള്‍ പിന്‍വലിക്കണം സഖാവ് ടി.വി തോമസ് തിരികെ പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം പിന്‍വലിക്കാം രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ രോഷാകുലനായ സര്‍ സി പി അലറിക്കൊണ്ട് പറഞ്ഞത് നാലായിരം പട്ടാളക്കാരും എണ്ണായിരം പോലീസുകാരും ഉണ്ടെന്നാണ് എങ്കില്‍ നമുക്ക് കാണാം എന്ന് പറഞ്ഞ ധീരനായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജീവിച്ചിരുന്ന മണ്ണാണ് കേരളം അത് കൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവന്‍കുട്ടി സഖാവിനുണ്ടാകണം

പി എം ശ്രീ പദ്ധതിയില്‍ ഒപ്പ് വച്ചതിനെ ABVP ശിവന്‍കുട്ടി സഖാവിനെഅഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തില്‍ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല.