
തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് കൈമാറുന്ന സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാട് കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്ടറിക്ക് കൈമാറിയ ഭൂമിയും. കോച്ച് ഫാക്ടറി റദ്ദാക്കിയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് നീക്കം. എയിംസിന് 10 സ്ഥലങ്ങളുടെ പട്ടികയാണ് കേന്ദ്രത്തിന് നൽകിയിരുന്നത്. കഞ്ചിക്കോട്ടെ 228 ഏക്കർകൂടി ഇതോടൊപ്പം ചേർക്കും.
2012-ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറിയ ഭൂമിയാണിത്. ഭൂമി നിലവിൽ റെയിൽവേ മന്ത്രാലയത്തിന്റെ കൈവശമാണ്. അതിനാൽ പുതുതായി ഭൂമി ഏറ്റെടുക്കുകയോ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുകയോ വേണ്ടിവരില്ല. റെയിൽവേ മന്ത്രാലയത്തിൽനിന്ന് ആരോഗ്യ മന്ത്രാലയത്തിന് ഭൂമി കൈമാറിയാൽ മതിയാകും. കഞ്ചിക്കോടായതിനാൽ തമിഴ്‌നാടിനുകൂടി ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ കോഴിക്കോട് കിനാലൂർ-കാന്തലാട് മേഖലയിൽ ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി 2024 സെപ്റ്റംബറിൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറിയിരുന്നു. കിനാലൂരിൽ 39.24 ഹെക്ടറും കാന്തലാട്ട് 22 ഹെക്ടറും ഉൾപ്പെടുന്ന ഈ ഭൂമി, ഏകദേശം 20.32 കോടി രൂപ ന്യായവിലയുള്ളതാണെങ്കിലും എയിംസിന് സൗജന്യമായി നൽകാനായിരുന്നു സർക്കാർ തീരുമാനം.
കിനാലൂർ മാത്രമാണ് സംസ്ഥാനം നിർദേശിക്കുന്നതെന്ന നിലപാടിനോട് കേന്ദ്രം അനുകൂലിച്ചില്ല. ഇതോടെയാണ് ഒരു സ്ഥലം മാത്രമെന്ന സമീപനം മാറ്റി, വിവിധ ജില്ലകളിലായുള്ള സാധ്യതാസ്ഥലങ്ങളുടെ പട്ടിക നൽകാൻ തീരുമാനിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുമടങ്ങുന്ന സംഘം സ്ഥലങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തിവരുകയാണ്.
Content Highlights: Kerala adds the Kanjikode Railway Coach Factory land to the list of potential sites for the new AIMS.
Published: 09 Aug 2026, 07:55 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented