
മാനന്തവാടി: ‘എട്ടുമാസമായി ഈ പന്നികളും കൂടുമായി ഇടപഴകുന്നു, ചോറുനൽകുന്ന ജോലി എന്നതിലപ്പുറം മിണ്ടാപ്രാണികളെ പരിപാലിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സംസാരിക്കാനാവില്ലെങ്കിലും അവറ്റകളുടെ ഭാഷ നമുക്ക് മനസ്സിലാക്കാം. ഓടിച്ചാടി ഉന്മേഷത്തോടെ നടക്കുന്ന ഇവറ്റകളെ എന്തിനാണ് ഒന്നടങ്കം കൊല്ലുന്നത്’?- മുറിമലയാളത്തിലും ഹിന്ദിയിലുമായി പറഞ്ഞൊപ്പിക്കുമ്പോൾ മക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. രാപകൽഭേദമന്യേ ഫാമിൽ കഴിച്ചുകൂട്ടുന്ന മക്കയ്ക്ക് പന്നികളെ കൊല്ലുന്നു എന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പന്നികളെല്ലാം കൂടൊഴിയുമെന്നതറിഞ്ഞതോടെ സാധാരണ ദിവസങ്ങളെക്കാളും കൂടുതൽ നേരവും ഫാമിലായിരുന്നു മക്ക. കൂടെ ജോലിചെയ്യുന്ന ദുർഗയുടെയും സ്ഥിതി മറിച്ചല്ല. സുഹൃത്തുക്കളും പശ്ചിമ ബംഗാൾ സ്വദേശികളുമായ മക്കയും ദുർഗയും ജോലി അന്വേഷിച്ചാണ് കേരളത്തിലെത്തിയത്. രണ്ടാൾക്കും തവിഞ്ഞാൽ കൊളങ്ങോട് ഫാമിൽത്തന്നെ ജോലികിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു. ഫാമിനു സമീപത്തായി ഉടമ നിർമിച്ചുനൽകിയ ഷെഡിലാണ് ഇരുവരും മക്കൾക്കും ഭാര്യമാർക്കുമൊപ്പം കഴിയുന്നത്.
കൊന്നൊടുക്കിയ പന്നികളിൽ ഗർഭിണികളായ ഒട്ടേറെ പന്നികളുമുണ്ടായിരുന്നു. കൊല്ലുമെന്നുറപ്പായപ്പോൾ ഗർഭിണികളെ മാത്രം എങ്ങോട്ടെങ്കിലും മാറ്റണമെന്ന് മുതലാളിയോട് ആവശ്യപ്പെട്ടെങ്കിലും അവരും ഒന്നുംചെയ്തില്ല. നല്ല സുഖത്തോടും സമാധാനത്തോടെയുമാണ് ഇവിടെ ജീവിച്ചിരുന്നത്. ഫാമിലേക്ക് പുറത്തുനിന്ന് ആരും എത്താറുണ്ടായിരുന്നില്ല. ഭക്ഷണം നൽകി പോറ്റിവളർത്തുന്നതല്ലാതെ ഞങ്ങൾ പന്നികളെ കൊല്ലാറില്ല. പന്നികളെ വാങ്ങാൻ എത്തുന്നവരെപ്പോലും ഫാമിനടുത്ത് പ്രവേശിപ്പിക്കാറില്ല, പിന്നെങ്ങനെ രോഗംവരാനാണ്?- ദുർഗയുടെ കണ്ഠമിടറി.
പന്നികളെ പരിപാലിച്ചിരുന്ന മക്കയുടെയും ദുർഗയുടെയും അവസ്ഥകണ്ട് കണ്ടു നിന്നവരുടെയും കണ്ണുനിറഞ്ഞു. ഭാര്യ അൽഫിലയ്ക്കും ഒമ്പതും ഏഴും വയസ്സ് പ്രായമുള്ള മക്കൾക്കുമൊപ്പമാണ് മക്ക ഇവിടെ താമസിക്കുന്നത്. തവിഞ്ഞാൽ സെയ്‌ന്റ് തോമസ് യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് മക്കയുടെ മൂത്ത മകൾ സുർമിള. ഇളയകുട്ടി യശ്‌വാർ ഇതേ സ്കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്നു. ഭാര്യ രേഖയ്ക്കും രണ്ടര വയസ്സുകാരനായ മകൻ മമ്മുണ്ണിക്കുമൊപ്പമാണ് ദുർഗ താമസിക്കുന്നത്. ‘ഞങ്ങൾക്ക് ഇനി എവിടെ എന്തു ജോലി കിട്ടുമെന്നറിയില്ല. ഒരുപക്ഷേ, രണ്ടാളും രണ്ടുവഴിക്ക് പിരിഞ്ഞു പോകേണ്ടിവരും. വരുമാനമില്ലാതെ ഇവർ ഞങ്ങളെ എങ്ങനെ പോറ്റാനാണ്? നല്ല രീതിയിൽ ജീവിക്കുമ്പോഴാണ് വലിയ പ്രയാസങ്ങളുണ്ടായത്. ഒരു ജീവികൾക്കും ഈ ഒരു അവസ്ഥ വരരുതെന്നാണ് പ്രാർഥന’- മക്കയും ദുർഗയും പറഞ്ഞു.
Content Highlights: African swine flue in wayanad
Published: 26 Jul 2022, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented