പത്തനംതിട്ട: കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം സിപിഎം അനുഭാവികള്‍. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ് നവീന്‍ ബാബുവിന്റെ വീട്. ഭാര്യ മഞ്ജുവും അധ്യാപകരായ അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ രത്‌നമ്മയും പാര്‍ട്ടി അനുഭാവികളാണ്. രത്‌നമ്മ 1979-ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കോന്നി തഹസീല്‍ദാറായ മഞ്ജു കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ അംഗമാണ്.

To advertise here,

ബന്ധുക്കളില്‍ പലരും സിപിഎം അനുകൂല സര്‍വീസ് സംഘടനകളില്‍ അംഗമാണ്. മഞ്ജുവിന്റേതും പാര്‍ട്ടി കുടുംബമാണ്. മഞ്ജുവിന്റെ അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. നവീന്‍ ബാബു സര്‍വീസിന്റെ തുടക്കത്തില്‍ എന്‍ജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗമായി. 

നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ബന്ധു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അഴിമതിക്കാരനായി ചിലര്‍ ചിത്രീകരിച്ചതാണ്. നവീന്‍ ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചാല്‍ അത് മനസ്സിലാകും. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന  ആളായിരുന്നില്ലെന്നും ബന്ധു മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. 

പി.പി ദിവ്യ തെറ്റ് ചെയ്‌തെങ്കില്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ വ്യക്തമാക്കി. നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. വിളിക്കാത്ത ചടങ്ങിലേക്ക് പി.പി ദിവ്യ കടന്നു ചെന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. 

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.