കുറ്റ്യാടി(കോഴിക്കോട്): കാന്‍സര്‍ മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്നാരോപിച്ച് ചികിത്സകര്‍ക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്.
ശരീരവേദനയെത്തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവില്‍ ആറുമാസംമുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം നാലാംഘട്ടം കടന്നിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയുമായി ബന്ധപ്പട്ട് ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചറിസ്റ്റുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്ക് ലൈസന്‍സില്ലെന്നും മൂന്നുമുതല്‍ ആറുവര്‍ഷംവരെ കാലാവധിയുള്ള കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുമാത്രമേ ചികിത്സിക്കാന്‍ അര്‍ഹതയുള്ളൂവെന്ന നിയമം മറച്ചുവെക്കുകയായിരുന്നെന്നും പരാതിക്കാരനും പൊതുപ്രവര്‍ത്തകനുമായ എന്‍.പി. സക്കീര്‍ പറഞ്ഞു.
യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നല്കി.
Content Highlights: acupuncture treatment led to the death of a young woman suffering from cancer.
Published: 28 Aug 2025, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented