Dileep | Photo: Mathrubhumi Archives
കൊച്ചി: വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ചവര്‍ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് കോടതിയിൽ വാങ്ങി സൂക്ഷിക്കണമെന്നുമാണ് പുതിയ ഹര്‍ജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ കൈവശമുണ്ട്. ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ട്. ഒരു പക്ഷെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം. അതുകൊണ്ട് ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതി, കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ ഹർജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് വിവരം.
അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അടുത്ത ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്നത് അനാവശ്യ റെയ്ഡ് എന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. റെയ്ഡിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ ശ്രമം ദിലീപിന്റെ സൽപേര് കളങ്കപ്പെടുത്താൻ വേണ്ടിയിട്ടാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
വാറണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ഉണ്ടായിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
Content Highlights : Actress assault case - Actor Dileep submit new petition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..