
ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ തെളിവ് നശിപ്പിക്കാന്‍ ആണെങ്കില്‍ സിദ്ദിഖിന് അത് മുമ്പേ ചെയ്യാമായിരുന്നില്ലേ എന്ന് സുപ്രീം കോടതി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ഈ ചോദ്യം ആരാഞ്ഞത്. കേസില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സിദ്ദിഖിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. കേസ് രണ്ട് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അത് വരെ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള മുന്‍ ഉത്തരവ് നിലനില്ക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണം എന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ഗിരി കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്‍ ഫയല്‍ ചെയ്തത് അധിക സത്യവാങ്മൂലം ആണെന്നും അതില്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത് എന്നും ഗിരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സിദ്ദിഖിന് സുപ്രീം കോടതി രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയുടെ തീരുമാനം വൈകരുത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രഞ്ജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മുപ്പതോളം പരാതികള്‍ ആണ് ലഭിച്ചത്. ഇതില്‍ അന്വേഷണം നടക്കുകയാണ്. സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുക ആണെങ്കില്‍ ആ കേസുകളിലെ പരാതികാരുടെ ആത്മവീര്യം ചോര്‍ന്ന് പോകുമെന്ന് രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു.
സിദ്ദിഖ് അന്വേഷണവും ആയി സഹകരിക്കുന്നില്ല എന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കും എന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ എട്ട് വര്‍ഷം മുമ്പ് ഉണ്ടായ സംഭവം അല്ലേ ഇതെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. തെളിവ് നശിപ്പിക്കാന്‍ ആണെങ്കില്‍ ഇതിന് മുമ്പേ അത് ചെയ്യാമായിരുന്നില്ലേ എന്നും സുപ്രീം കോടതി ആരാഞ്ഞു. കേസില്‍ പരാതി നല്കാന് അതിജീവിത എട്ട് വര്‍ഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ഇന്നും കോടതി ആരാഞ്ഞു. പരാതി രേഖാമൂലം ഇപ്പോഴാണ് നല്‍കിയത് എങ്കിലും ആരോപണം മുമ്പ് ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ അതിജീവിത ഉന്നയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ മറുപടി നല്കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും, ശക്തനും ആയിരുന്നുവെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്, അതിജീവിതക്ക് വേണ്ടി അഭിഭാഷക വൃന്ദ വൃന്ദ ഗ്രോവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന് വി ഗിരി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന് എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരായത്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗിയും വാദത്തിന്റെ അവസാന ഘട്ടത്തില്‍ സിദ്ദിഖിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായി.
Content Highlights: actor siddique anticipatory bail in the rape case
Published: 22 Oct 2024, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented