കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. ഇഡി ഓഫീസിൽ രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ഇഡി ഓഫീസിൽനിന്ന് പുറത്തിറങ്ങിയശേഷം ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

കഠിനമായ ചോദ്യംചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദപരമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കാൻ പറഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊഴിയെടുക്കലൊന്നും ആയിരുന്നില്ല. അവർക്ക് ചില സംശയങ്ങളുണ്ടായിരുന്നു. വെറുതെ രണ്ട് ചോദ്യം ചോദിക്കുന്നു, ശേഷം ഊണും കഴിച്ച് ഞങ്ങൾ പിരിഞ്ഞുവെന്നും ജയറാം പറഞ്ഞു.

സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തതവരുത്താനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചതെന്നാണ് വിവരം.

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഓരോ മലയാളിയുടെയും വികാരമാണെന്നും അവിടെ എന്തെങ്കിലും കൊള്ളരുതായ്മകൾ നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്തു കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ 38 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ താൻ പങ്കെടുക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ ചടങ്ങിന് പോയതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി ഇത്തരത്തിലുള്ള ഒരാളാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹവുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും ജയറാം വ്യക്തമാക്കി.