പത്തനംതിട്ട: ആശുപത്രിയിലെ മോര്‍ച്ചറിക്കരികിലിരുന്ന ബൈക്ക് അടിച്ചുമാറ്റി പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലായി. ബൈക്ക് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ബൈക്ക് ഓടിച്ചിരുന്ന 14-കാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റ് രണ്ടുപേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമസമിതിക്ക് മുന്നില്‍ ഹാജരാക്കി.

To advertise here,

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപത്തുനിന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കൗമാരക്കാര്‍ ബൈക്ക് മോഷ്ടിച്ചത്. ഇതില്‍ സഞ്ചരിക്കവേ രാത്രി 11-മണിയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത്. ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞു.

ബ്ലോക്കുപടിയില്‍നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിടിയിലായ രണ്ടുപേര്‍ക്ക് പതിനാലും പതിനാറും വയസ്സാണ്. പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു.