മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ്. വര്‍ഗീയതയും വിദ്വേഷവും വെളുപ്പിച്ചെടുക്കാന്‍ പിണറായിത്തൈലം മാത്രമാണെന്നും മറ്റൊന്നും ഇതുവരെ കണ്ട് പിടിച്ചിട്ടില്ലെന്നും അബ്ദുറബ്ബ് പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ വെള്ളാപ്പള്ളി നടേശന്‍ യുവത്വത്തിനു വഴികാട്ടുകയും എസ്എന്‍ഡിപിയെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്‌തെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രകീര്‍ത്തനം.

'മുഖത്തെ കറുത്ത പാടുകള്‍, കണ്ണിനടിയിലെ കരുവാളിപ്പ് എന്നിവ ഇല്ലാതാക്കുന്ന, മുഖം വെളുപ്പിക്കാവുന്ന ഒരുപാട് മുഖലേപനങ്ങള്‍ ഇന്നാട്ടിലുണ്ട്. ഏത് ശരീരവും വെളുത്തിട്ടു പാറാന്‍ പറ്റുന്ന ഒരു പാട് തൈലങ്ങളും, ലേപനങ്ങളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. പക്ഷെ, ദിവസവും വര്‍ഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന 
ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാന്‍..പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല.. അത് പിണറായിത്തൈലം മാത്രം...!' പി.കെ.അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.