പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിനാണ് പ്രത്യേക ദൂതൻവഴി പത്മകുമാർ മറുപടി സമർപ്പിച്ചത്. ഈ കേസിൽ താൻ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തന്റെ വിശദീകരണത്തിൽ വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയ രേഖകളിൽ 'പിത്തള' എന്നത് വെട്ടി 'ചെമ്പ്' എന്നാക്കി മാറ്റിയത് മാത്രമാണ് തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ള കാര്യമെന്ന് പത്മകുമാർ മറുപടിയിൽ പറഞ്ഞു. യഥാർത്ഥത്തിൽ സ്വർണ്ണം പൂശിയത് ചെമ്പ് പാളികളിലാണെന്നും പിത്തളയിലല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ബോർഡ് രേഖകളിലെ ഈ മാറ്റം സാങ്കേതികമായ ഒരു തിരുത്തൽ മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഈ തിരുത്തൽ താൻ വ്യക്തിപരമായി എടുത്ത തീരുമാനമല്ലെന്നും മറിച്ച് ദേവസ്വം ബോർഡ് കൂട്ടായി എടുത്ത തീരുമാനമാണെന്നും പത്മകുമാർ ചൂണ്ടിക്കാട്ടി. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ചെമ്പ് പാളികൾ നവീകരിക്കുക എന്നതായിരുന്നു ബോർഡിന്റെ പൊതുവായ തീരുമാനം. അതിനാൽത്തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്വം തന്റെമേൽ മാത്രം കെട്ടിവെക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രത്യേക അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൽ തന്നെ പ്രതിയാക്കുകയും ചെയ്താൽ മാത്രമേ ഇതിന് നിയമപരമായ പ്രസക്തിയുള്ളൂവെന്നും പത്മകുമാർ പാർട്ടിയെ അറിയിച്ചു. തന്റെ ഭാഗത്തുനിന്ന് തെറ്റായ നീക്കങ്ങൾ ഉണ്ടായിട്ടില്ലാത്തതിനാൽ തനിക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Former Devaswom Board President A. Padmakumar denies allegations in the Sabarimala gold case.
Published: 13 Mar 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented