കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തളളി കുഫോസ് (കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല). പെരിയാറിലെ ജലത്തിൽ രാസമാലിന്യത്തിന്റെ സാന്നിധ്യമില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ പാടെ തള്ളിയാണ് ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചത്.

To advertise here,

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്‌സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്നും രാസമാലിന്യം കണ്ടെത്തിയില്ലെന്നുമായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് സബ് കലക്ടര്‍ക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇറിഗേഷൻ വകുപ്പിനെതിരേയായിരുന്നു ഈ റിപ്പോർട്ട്.  മെയ് 20 ന് വൈകീട്ട് 3 മണിക്കാണ് ഏലൂരിലെ ഷട്ടർ തുറക്കുന്നത്. അതിന് മുമ്പ്  വെട്ടുകാട് എന്ന സ്ഥലത്തെ വെള്ളം പരിശോധിച്ചിരുന്നു. അതിൽ പെരിയാറിലെ വെള്ളത്തിലെ ഓക്സിജന്റെ അളവ് 6.4 ആയിരുന്നു. ഷട്ടർ തുറന്ന ശേഷം അത് 2.1ആയി കുറഞ്ഞു, അതാണ് മത്സ്യക്കുരുതിക്ക് കാരണമായത്. ജലത്തിലെ പി.എച്ച് വാല്യൂവിൽ മാറ്റമില്ലാത്തത് രാസമാലിന്യം കലർന്നിട്ടില്ല എന്നതിന്റെ സൂചനയാണെന്നും മലിനീകരണ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തല്‍ തള്ളിയിരിക്കുകയാണ് കുഫോസ് പഠനസമിതി. പെരിയാറിലെ വെള്ളത്തിൽ അമോണിയയുടെയും സൾഫൈഡിന്റെയും സാന്നിധ്യം കണ്ടെത്തിയതായാണ് കൂട്ടമത്സ്യക്കുരുതിക്ക് പിന്നാലെ കുഫോസ് നടത്തിയ പ്രാഥമിക പരിശശോധനയിലെ കണ്ടെത്തൽ. അമോണിയയും സൾഫൈഡും ജലത്തിൽ കലർന്നത് ജൈവ മാലിന്യത്തിൽ നിന്നും രാസമാലിന്യത്തിൽ നിന്നുമാകാം. ഇതിൽ സ്ഥിരീകരണം നടത്താൻ വിശദമായ പരിശോധന വേണമെന്നും വെള്ളത്തിൽ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും കുഫോസ് ഫിഷറിസ് വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.