തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച യുവാവിന്റെ കുടുംബത്തിന് 7.29 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവ്. ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യകമ്പനിയിൽ പ്രിൻസിപ്പൽ ആർക്കിടെക്ടായി ജോലി ചെയ്തിരുന്ന സുമേഷ് ബി. തോമസ് (37) 2016 ജനുവരി 25-നാണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരു യെലനഹള്ളിയിൽ താമസിച്ചിരുന്ന സുമേഷ് തൃശ്ശൂർ-ഇരിങ്ങാലക്കുട പാതയിലെ കണിമംഗലം ബസ്‌സ്റ്റോപ്പിനടുത്തുള്ള തറവാട്ടുവീട്ടിലേക്ക്‌ ഓട്ടോറിക്ഷയിൽ പോകവേ എതിരേ വന്ന കാറിലിടിച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ് സാരമായി പരിക്കേറ്റ സുമേഷ് ചികിത്സക്കിടെ ആശുപത്രിയിലാണ് മരിച്ചത്.

To advertise here,

4,15,83,766 രൂപ ഇൻഷുറൻസ് തുകയും ഹർജി ഫയൽചെയ്ത തീയതി മുതലുള്ള 7.5 ശതമാനം പലിശത്തുകയും കോടതിച്ചെലവും ചേർത്ത് 7,29,00,374 രൂപ കുടുംബത്തിന് നൽകാനാണ് ഇൻഷുറൻസ് കമ്പനിയോട് തൃശ്ശൂർ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ ടി.കെ. മിനിമോൾ ഉത്തരവിട്ടത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എൻ.ബി. സുകുമാരൻ, വി. കുര്യൻ തോമസ് എന്നിവർ ഹാജരായി.