കണ്ണൂർ: കേരളത്തിലേക്ക് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ചയെത്തും. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.
20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.
കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം. മൂന്നുവർഷത്തിലൊരിക്കലാണ് ഇത്തരം ഷെഡ്യൂൾ വരിക. അതിനുശേഷം കേരളത്തിലെ എട്ട് കോച്ചുള്ള വണ്ടി 20-ലേക്ക് മാറുമെന്നാണ് സൂചന.
312 സീറ്റ് വർധിക്കും
16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ (20634/20633) 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. നാല് കോച്ചുകൾ അധികം വരുമ്പോൾ 312 സീറ്റുകൾ വർധിക്കും. ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണിത്. (100 സീറ്റുള്ള വണ്ടിയിൽ ഇറങ്ങിയും കയറിയും 200-ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു).
Content Highlights: 20 coaches Vande Bharat will reach Kerala on Friday
Published: 03 Jan 2025, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented