തിരുവനന്തപുരം: തുടർച്ചയായ വയറുവേദന കാരണം നിംസ് മെഡിസിറ്റിയിൽ ചികിത്സ തേടിയെത്തിയ ഒൻപതുകാരിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ തൂക്കംവരുന്ന തലമുടിക്കെട്ട്.

To advertise here,

ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

തുടർച്ചയായ വയറുവേദനയും ഛർദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട്, സി.ടി. സ്‌കാൻ പരിശോധനകളിൽ കുടലിൽ ഗുരുതരമായ തടസ്സമുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ എൻഡോസ്‌കോപ്പിയിലാണ് ആമാശയത്തിലും ചെറുകുടലിലുമായി വലിയ തലമുടിക്കെട്ട് അടിഞ്ഞുകൂടിയതായി സ്ഥിരീകരിച്ചത്. നൂറിൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 'റപുൻസൽ സിൻഡ്രോം' എന്ന അപൂർവവും സങ്കീർണവുമായ രോഗമാണിത്.

മാനസികസമ്മർദമോ അരക്ഷിതാവസ്ഥയോ കാരണം കുട്ടികൾ സ്വന്തം മുടി പറിച്ച് വിഴുങ്ങുന്ന ശീലത്തിലൂടെയാണ് 'ട്രൈക്കോബെസോർ' എന്ന ഈ അവസ്ഥയുണ്ടാകുന്നതെന്ന് ഡോ. ബിജു ഐ.ജി. നായർ പറഞ്ഞു. മാസങ്ങളോളം ആമാശയത്തിൽ കിടക്കുന്ന മുടി ദഹിക്കാതെ കുടലിൽ കട്ടിയുള്ള തടസ്സമായി മാറുകയാണ് ചെയ്യുന്നത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ആമാശയത്തിൽനിന്നും ചെറുകുടലിൽനിന്നും മുടിയുടെ കെട്ട് പൂർണമായും നീക്കം ചെയ്തു.

നിലവിൽ ആരോഗ്യവതിയായ കുട്ടി സാധാരണ നിലയിൽ ഭക്ഷണവും മറ്റും കഴിച്ചുതുടങ്ങിയെന്നും പൂർണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.