കൊണ്ടോട്ടി: തലയ്ക്കുമീതെ, താണിറങ്ങിപ്പറക്കുന്ന വിമാനങ്ങള്‍ അവര്‍ക്ക് ഒരു കൗതുകമേയല്ല... എന്നും കാണുന്നതാണ്. പക്ഷേ എന്നെങ്കിലും വിമാനത്തില്‍ കയറണമെന്നൊരു മോഹം ഉള്ളിലൊളിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന സ്വപ്നം ഒടുവിലവര്‍ സാധ്യമാക്കി. അതും തൊഴിലുറപ്പ് പണിയില്‍നിന്ന് മിച്ചം പിടിച്ച കൂലിയിലൂടെ... മുസ്ലിയാരങ്ങാടിയിലെ 13 വനിതകളാണ് തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ മാത്രമല്ല തീവണ്ടിയിലും കടലില്‍ ബോട്ടുയാത്രയും നടത്തിയ ശേഷമാണ് മൂന്ന് ദിവസത്തെ ഉല്ലാസയാത്ര അവര്‍ പൂര്‍ത്തിയാക്കിയത്.

To advertise here,

കരിപ്പൂരില്‍നിന്ന് കണ്ണൂരിലേക്കാണ് സംഘം വിമാനത്തില്‍ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രസന്ദര്‍ശനത്തിനുശേഷം കണ്ണൂരില്‍നിന്ന് തീവണ്ടിയില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് പത്മനാഭ സ്വാമിക്ഷേത്രത്തില്‍ തൊഴുതശേഷം തീവണ്ടിയില്‍ കന്യാകുമാരിയിലേക്ക്. അവിടെ കടലില്‍ ബോട്ടില്‍ക്കയറി വിവേകാനന്ദപ്പാറയിലുമെത്തി. കന്യാകുമാരിയിലെ കാഴ്ചകളും ഉദയാസ്തമയങ്ങളുടെ മനോഹാരിതയും ആസ്വദിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചക്കിപ്പറമ്പില്‍ കെ. ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുറായ് വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നാട്ടിലെത്തിയ സംഘത്തിന് മുസ്ലിയാരങ്ങാടി പോക്കര്‍മാസ്റ്റര്‍ ഗ്രന്ഥാലയം സ്വീകരണം നല്‍കി. നഗരസഭാംഗങ്ങളായ താന്നിക്കല്‍ സൈതലവി, ശിഹാബ് കോട്ട, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.