ന്യൂയോർക്ക്: യോഗ എന്നത് ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെയോ മതത്തിന്റെയോ വംശത്തിന്റെയോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്നുള്ളതാണെങ്കിലും യോഗയ്ക്ക് കോപ്പി റൈറ്റ്, പേറ്റന്റ്, റോയൽറ്റി തുടങ്ങിയവ ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മിക്കവാറും എല്ലാ രാജ്യത്തു നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിട്ടുണ്ടെന്നും ഇതാണ് യോഗയുടെ ഗുണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നിങ്ങളുടെ പ്രായം, ലിംഗം, ശാരീരിക ക്ഷമത തുടങ്ങിയ കാര്യങ്ങളുമായി ഇണങ്ങുന്ന, ആഗോളതലത്തിൽ, എവിടെ വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്നതാണ് യോഗ', അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എൻ. ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ എന്നിങ്ങനെ 135-ഓളം രാജ്യങ്ങളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 8 മണി മുതൽ  9 മണിവരേയായിരുന്നു പരിപാടി. വെളുത്ത ടീ ഷർട്ടും പാന്റും ധരിച്ചായിരുന്നു പ്രധാനമന്ത്രി യോഗ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. 

അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് മോദി യു.എസിലെത്തിയത്. വ്യാഴാഴ്ച യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ് ഹൗസില്‍ മോദിക്ക് ഔദ്യോഗിക അത്താഴവിരുന്നൊരുക്കിയിട്ടുണ്ട്.