ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പ് വീണ്ടുമുയരുന്നു. എക്കാലത്തേയും ഉയര്‍ന്ന ജലനിരപ്പായ 208.05 മീറ്ററിലേക്കെത്തിയതോടെ അതീവ അപകടാവസ്ഥയിലാണ്. അപകടസൂചികയ്ക്ക് മൂന്നു മീറ്റര്‍ ഉയരത്തിലാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. 

To advertise here,

ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ച മട്ടാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. 

വ്യാഴാഴ്ച ഉച്ചയോടെ നദിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായതും ആശ്വാസകരമാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. 

ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു.