
സുപ്രീംകോടതി നിര്‍ദേശപ്രകാരം എസ്.ബി.ഐ. കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ബോണ്ടുകളുടേയും അവ സ്വീകരിച്ച പാര്‍ട്ടികളുടേയും വിവരങ്ങളാണ് വെബ്‌സൈറ്റിലിട്ടത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ എസ്.ബി.ഐ. കൈമാറിയ വിവരങ്ങള്‍ ലഭിച്ചതായി 7.17-ഓടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിരുന്നു. വിവരങ്ങള്‍ സംയോജിപ്പിക്കാന്‍ സമയംതേടി എസ്.ബി.ഐ. നല്‍കിയ ഹര്‍ജി തള്ളിയ കോടതി ഇവ അതേപടി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ബോണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഒടുവില്‍ വ്യാഴാഴ്ച വൈകീട്ട് 7.53-നും 7.55-നുമായി രണ്ടു പി.ഡി.എഫുകളായാണ് കമ്മിഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യക്തികളോ സ്ഥാപനങ്ങളോ വാങ്ങിയ ബോണ്ട് തുകകളും തീയതികളുമാണ് ആദ്യത്തെ രേഖയിലുള്ളത്. ഓരോ പാര്‍ട്ടികളും പണമാക്കിമാറ്റിയ ബോണ്ടുകളുടെ വിവരവും രേഖയിലുണ്ട്. അതില്‍ എല്ലാവരുടേയും ശ്രദ്ധ ഒരുപോലെ പതിച്ച ഒരു പേരുണ്ട്. ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങിയ വ്യക്തിയുടെ പേര്, സാന്റിയാഗോ മാര്‍ട്ടിന്‍. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്നുപറഞ്ഞാലാവും തിരിച്ചറിയാന്‍ കുറച്ചുകൂടി എളുപ്പം.
ഇ.ഡി. അന്വേഷണം നേരിടുന്ന കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് 1,368 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019, 2024 തിരഞ്ഞെടുപ്പ് കാലയളവിലായി 1368 കോടി രൂപ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വിവിധ പാര്‍ട്ടികള്‍ക്കായി സംഭാവന നല്‍കിയിട്ടുണ്ട് എന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. രാജ്യത്തിന്റ ഭരണത്തില്‍ നേരിട്ടും അല്ലാതെയും ഭാഗമാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയിരിക്കുന്ന വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 2021-'22 സാമ്പത്തിക വര്‍ഷത്തിലെ മാത്രം വിറ്റുവരവ് 20,000 കോടി രൂപയായിരുന്നു എന്നാണ് കമ്പനിരേഖകളില്‍ പറയുന്നത്. ബിസിനസ് മാത്രമല്ല, കമ്പനി വെബ്‌സൈറ്റിലെ വിവരപ്രകാരം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട് മാര്‍ട്ടിന്‍. നിലവില്‍ റിപ്പബ്ലിക് ഓഫ് ലൈബീരിയയുടെ കോണ്‍സില്‍ ജനറല്‍ സ്ഥാനം വഹിക്കുന്നു. ആരാണ് ശരിക്കും സാന്റിയാഗോ മാര്‍ട്ടിന്‍. കമ്പനി വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം മ്യാന്‍മാറിലെ യാങ്ഗോണില്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു. 1988-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മാര്‍ട്ടിന്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് എന്ന പേരില്‍ ലോട്ടറി ബിസിനസ് ആരംഭിച്ചു. വൈകാതെ ബിസിനസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
പതിയെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ലോട്ടറി സംവിധാനങ്ങളും മാര്‍ട്ടിന്‍ കൈകാര്യം ചെയ്തുതുടങ്ങി. ഇതിനു പിന്നാലെയാണ് മാര്‍ട്ടിന്‍ തന്റെ ബിസിനസ് രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിച്ചുതുടങ്ങിയത്. ഭൂട്ടാനിലേക്കും നേപ്പാളിലേക്കും മാര്‍ട്ടിന്റെ ലോട്ടറി ബിസിനസ് വളര്‍ന്നു. ലോട്ടറി ബിസിനസുകാരനായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും 'ലോട്ടറി കിങ്' സാന്റിയാഗോ മാര്‍ട്ടിനിലേക്കുള്ള അയാളുടെ വളര്‍ച്ച അവിടെ തുടങ്ങുന്നു. വൈകാതെ കെട്ടിടനിര്‍മാണം, വസ്തുക്കച്ചവടം, തുണിക്കടകള്‍, ആശുപത്രികള്‍ എന്നീ മേഖലകളിലേക്കും മാര്‍ട്ടിന്‍ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. തന്റെ ബിസിനസ് നന്നായി നടക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ മാര്‍ട്ടിന്‍ എപ്പോഴും ശ്രമിച്ചു.
തമിഴ്‌നാട്ടില്‍ ഡി.എം.കെയും കേരളത്തില്‍ എല്‍.ഡി.എഫുമായും മാര്‍ട്ടിന്‍ അടുത്ത ബന്ധം സൂക്ഷിച്ചു. 2014-ല്‍ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന്റെ കീഴില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തും എന്ന് മനസിലാക്കി. പിന്നാലെ ഭാര്യ ലീമാ റോസിനെ തമിഴ്‌നാട്ടിലെ ഇന്ത്യ ജനനായക കക്ഷിയില്‍ (ഐ.ജെ.കെ.) അംഗത്വം എടുപ്പിച്ചു. ബി.ജെ.പിയെ പിന്തുണച്ച ഐ.ജെ.കെ. സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോദിക്കൊപ്പം വേദിപങ്കിട്ട പ്രമുഖരില്‍ ലീമയും ഉണ്ടായിരുന്നു. കേരളത്തിലെ ഇടതുസര്‍ക്കാരുമായുള്ള ബന്ധം പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവെച്ചു.
ലോട്ടറി കച്ചവടം നിരോധിച്ച സംസ്ഥാനങ്ങളില്‍ മറ്റ് ബിസിനസുകള്‍ക്കൊപ്പം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലും സോഫ്റ്റ്വെയർ ബിസിനസും ആരംഭിച്ചു മാര്‍ട്ടിന്‍. ലോട്ടറി കച്ചവടം നിയമവിധേയമായ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ ഫ്യൂച്ചര്‍ ഗെയ്മിങ് എന്ന പേരില്‍ ഇപ്പോഴും ലോട്ടറി കച്ചവടം തകൃതിയായി നടക്കുന്നു. എന്നാല്‍ ആ വളര്‍ച്ച അധികം നീണ്ടുനിന്നില്ല. 2009 ഏപ്രില്‍ മുതല്‍ 2010 ഓഗസ്റ്റ് വരെ കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ 2016-ല്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി രൂപയുടെ ആസ്തി വകകള്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഉത്തരവിറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമായിരുന്നു നടപടി.
മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ ആസ്തികളായിരുന്നു അന്ന് ഇ.ഡി. കണ്ടുകെട്ടിയത്. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറി വില്‍പനയുടെ പേരില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരെ പ്രതികളാക്കി സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. കേരളത്തിലെ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് 4500 കോടി രൂപ സിക്കിം സര്‍ക്കാരിന് മാര്‍ട്ടിന്‍ നഷ്ടം വരുത്തിയതായി സി.ബി.ഐ. കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. സി.ബി.ഐയുടെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മാര്‍ട്ടിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇ.ഡി. നടപടി തുടങ്ങിയത്.
സാന്റിയാഗോ മാര്‍ട്ടിന്‍, പ്രധാന പങ്കാളിയായ ജയമുരുകന്‍, മറ്റ് പങ്കാളികളായ ജോണ്‍ ബ്രിട്ടോ, ജോണ്‍ കെന്നഡി, ശെല്‍വരാജ് എന്നിവര്‍ക്കെതിരെയായിരുന്നു ഇ.ഡി. അന്ന് അന്വേഷണം നടത്തിയത്. മാര്‍ട്ടിന്റെയും പങ്കാളികളുടെയും ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിം സൊല്യൂഷന്‍സ്, എം.ജെ. അസോസിയേറ്റ്‌സ്, മാര്‍ട്ടിന്‍ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും ഇ.ഡി. അന്വേഷണം നടത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട് സിക്കിം ലോട്ടറി ഡയറക്ടറെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിക്കിം സര്‍ക്കാരും സാന്റിയാഗോ മാര്‍ട്ടിനുമായുളള ലോട്ടറി വിപണന കരാറില്‍ നിരവധി ക്രമക്കേടുകളുള്ളതായി ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിലെ ലോട്ടറി നടത്തിപ്പില്‍ സിക്കിം സര്‍ക്കാരിന് സാന്റിയാഗോ മാര്‍ട്ടിന് മേൽ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി. കണ്ടെത്തി. ലോട്ടറി നടത്തിപ്പിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സാന്റിയാഗോ മാര്‍ട്ടിനും കമ്പനികളും വെളുപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള 122 കോടിയുടെ 83 ആസ്തികളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഈ ആസ്തികള്‍ മാര്‍ട്ടിന്‍ വില്‍ക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഇ.ഡി. ഉദ്യോഗസ്ഥര്‍ കോയമ്പത്തൂര്‍ ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍മാര്‍ക്ക് കത്തുകള്‍ നല്‍കിയിരുന്നു.
5000 കോടിയുടെ ആസ്തിയെങ്കിലും സാന്റിയാഗോ മാര്‍ട്ടിന് ഉണ്ട് എന്നായിരുന്നു ഇ.ഡിയുടെ വിലയിരുത്തല്‍. ഇതില്‍ 400 കോടിയുടെ ആസ്തികള്‍ കണ്ട്‌കെട്ടാനാണ് അന്ന് ഇ.ഡി. തീരുമാനിച്ചത്. ഇതില്‍ ആദ്യ ഘട്ടമായി 122 കോടിയുടെ ആസ്തികളാണ് ഇ.ഡി. കണ്ടുകെട്ടിയത്. അന്ന് ആദ്യമായിട്ടായിരുന്നു സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ നേരിടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത്. മാര്‍ട്ടിന്റെ പങ്കാളിയും തമിഴ്‌നാട്ടിലെ പ്രമുഖ ബിസിനസുകാരനുമായ ജയമുരുകന്റെ ആസ്തികളും കണ്ടുകെട്ടാനായിരുന്നു ഇ.ഡിയുടെ തീരുമാനം. അതിന്റെ ഭാഗമായി ജയമുരുകനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ഒട്ടേറെ തവണ ചോദ്യം ചെയ്തിരുന്നു.
സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡിയുടെ നീക്കത്തിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് അടുത്ത വിവാദം തുടങ്ങിയത്. ഹര്‍ജിയില്‍ അദ്ദേഹത്തിനായി ഹാജരായത് എം.കെ. ദാമോദരനായിരുന്നു.. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എം.കെ. ദാമോദരന്‍. ഇതോടെ വിവാദങ്ങള്‍ വീണ്ടും പുകഞ്ഞുതുടങ്ങി. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശവുമായി അന്നത്തെ കെ.പി.സി.സി. ഉപാധ്യക്ഷനും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ രംഗത്തെത്തി. പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്നും എം.കെ. ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് ഇതിന് തെളിവാണെന്നും സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ മാര്‍ട്ടിന് വേണ്ടി ഹാജരായതിലൂടെ മാര്‍ട്ടിന് കേരളത്തിലേക്ക് കടന്നുവരാനുള്ള ചുവന്ന പരവതാനി വിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സതീശന്‍ ആരോപിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് 80,000 കോടി കടത്തിക്കൊണ്ടു പോയി എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഇ.പി ജയരാജന് മാര്‍ട്ടിനുമായി ബന്ധമുണ്ടെന്നതിന് രേഖാമൂലം തെളിവുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അന്ന് സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, സാന്റിയാഗോ മാര്‍ട്ടിനെതിരായ 23 കേസുകള്‍ സി.ബി.ഐ. എഴുതിത്തള്ളിയിരുന്നു. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയും നല്‍കിയിരുന്നു. ശേഷം 2023-ല്‍ സ്വത്ത് ജപ്തി ചെയ്ത ഇ.ഡി. നടപടിക്കെതിരേ സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതിനുമുമ്പ്, 893 കോടി രൂപയുടെ സ്വത്ത് താത്കാലികമായി ജപ്തിചെയ്ത നടപടി ചോദ്യംചെയ്യുന്ന ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് വിശദീകരണം തേടി. പിന്നാലെ സെപ്റ്റംബര്‍ 12-ന് അപ്പീല്‍ പരിഗണിക്കാനായി മാറ്റി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു മാര്‍ട്ടിന്റെ അപ്പീലിലെ ആവശ്യം. അപ്പോള്‍ നിലനിന്നിരുന്ന കേസില്‍ 464.25 കോടി രൂപയുടെ സ്വത്തേ ജപ്തിചെയ്യാനാകമായിരുന്നു. അതു മറികടന്നാണ് ഇ.ഡി. 893 കോടി രൂപയുടെ സ്വത്ത് ജപ്തിചെയ്തത് എന്നായിരുന്നു അപ്പീലിലെ പ്രധാന ആരോപണം.
വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടര്‍ച്ചയായി ആയിരുന്നു ഇ.ഡി. സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്ത് ജപ്തിചെയ്തത്. ഇതിനിടയിലാണ് ഇപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അതും തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നേരിടുന്ന ഒരാള്‍ റെക്കോഡ് തുകയ്ക്ക് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതിനു പിന്നിലെന്തെന്ന് വരുംദിവസങ്ങളില്‍ അറിയാനാകുമെന്ന് പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍.
Content Highlights: who is santiago martin the lottery king number 1 buyer of electoral bonds
Published: 15 Mar 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented