ന്യൂഡൽഹി: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണ സംവിധാനത്തിലെ തൃണമൂൽ കോൺഗ്രസിന്റെ മേൽക്കൈ ഇല്ലാതാക്കാനും പോലീസ് അടക്കമുള്ള സംവിധാനങ്ങളെ നിയന്ത്രിച്ച് നിർത്താനും ഉതകുന്ന ഒരു ഗവർണറെ ബി.ജെ.പി.ക്ക് വേണം. മുൻ ഐ.എ.എസുകാരനായ സി.വി. ആനന്ദബോസിന് രാജിവെക്കേണ്ടിവന്നത് ഇതിനാലാണ്. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിനോട് ഏറ്റുമുട്ടിക്കൊണ്ടിരുന്ന ആർ.എൻ. രവിക്കാണ് ബംഗാൾ ഗവർണറുടെ താത്‌കാലിക ചുമതല നൽകിയത്. രാജിയുടെ കാരണങ്ങൾ ആനന്ദബോസ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗവർണറുടെ രാജിയെ വിലയിരുത്തുന്നത്.

To advertise here,

ബംഗാളിൽ സാഹചര്യങ്ങൾ ഇക്കുറിയും അനുകൂലമല്ലെങ്കിലും എന്തുവിലകൊടുത്തും സംസ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ രണ്ടുതവണ കൈവിട്ടുപോയ ബംഗാൾ ഭരണം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അഭിമാന പ്രശ്നമാണ്. സംസ്ഥാനപോലീസ് സംവിധാനം ബി.ജെ.പി.ക്ക് ഒരു പ്രതിബന്ധമാണ്. അത് മറികടക്കാനാണ് പുതിയ ഗവർണർ നിയമനത്തിലൂടെ ബി.ജെ.പി.യും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്.

ഫെഡറൽ

ഫെഡറൽ മര്യാദകളുടെ ലംഘനം -മമത

പട്ന: ബംഗാൾ ഗവർണറുടെ ചുമതല ആർ.എൻ. രവിക്ക്‌ നൽകുംമുൻപ്‌ മുഖ്യമന്ത്രിയോട് ചർച്ചചെയ്യാൻ പോലും തയ്യാറായില്ലെന്നും ഇത് ഫെഡറൽ മര്യാദകളുടെ ലംഘനമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. 

ഗവർണർ സ്ഥാനത്തുനിന്ന്‌ ഡോ. ആനന്ദബോസ് രാജിവെച്ചതായും തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് താത്‌കാലികച്ചുമതല നൽകിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനർജിയെ അറിയിച്ചു. എന്നാൽ, താനുമായി ഇക്കാര്യം ചർച്ച ചെയ്യാത്തതിലുള്ള അതൃപ്തി മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചെങ്കിലും നടപടിക്രമം അതാവശ്യപ്പെടുന്നില്ലെന്ന് ഷാ വിശദീകരിച്ചതായാണ് വിവരം.

2022 നവംബറിൽ ചുമതലയേറ്റ ആനന്ദബോസ് സ്വാഭാവിക കാലാവധിയായ അഞ്ചുവർഷം തികയാൻ 20 മാസം കൂടിയുള്ളപ്പോഴാണ് സ്ഥാനമൊഴിയുന്നത്. ഒൻപത് മാസത്തോളം മുൻപ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽനിന്ന് മോചനംനേടി ഗവർണർ പദത്തിൽ സക്രിയനായി തുടർന്നുവരുകയായിരുന്നു. രാജ് ഭവന്റെ പേര് ‘ലോക് ഭവൻ’ എന്നാക്കിയശേഷം കൂടുതൽ ജനസമ്പർക്ക പരിപാടികൾ തുടങ്ങിവെക്കുകയും ചെയ്തു.