ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി വ്യക്തമാക്കുന്ന കത്തുമായി വരാൻ ടിവികെ നേതാവ് വിജയ്‌യോട് നിർദേശിച്ച് ഗവർണർ. സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അനുമതി തേടി രണ്ടാംവട്ടവും തന്നെവന്നു കണ്ടപ്പോഴാണ് വിജയ്‌യോട് ഗവർണർ ഇക്കാര്യം നിർദേശിച്ചത്. എംഎൽഎമാരുടെ പിന്തുണ ഉറപ്പുവരുത്തുന്ന കത്ത് നിർബന്ധമായും നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. 

To advertise here,

ബുധനാഴ്ച വിജയ്‌യും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴും സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണ രേഖാമൂലം നൽകാൻ വിജയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും വിജയ് ഗവർണറെ കണ്ടത്. ഇത്തവണയും പിന്തുണയ്ക്കുന്ന അംഗങ്ങൾ ഒപ്പിട്ട കത്ത് വിജയ് ഹാജരാക്കിയില്ല.

ഭാവി സഖ്യത്തെക്കുറിച്ചും ഗവർണർ വിജയ്‌യോട് ചോദിച്ചറിഞ്ഞതായാണ് വിവരം. രണ്ട് ഇടതുപാർട്ടികളുടേയും രണ്ട് പ്രാദേശിക പാർട്ടികളുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവരിൽ ആറ് എംഎൽഎമാരുണ്ടെന്നും ടിവികെ ഗവർണറോട് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാൻ താൻ തയ്യാറാണെന്ന് വിജയ് ഗവർണെ അറിയിച്ചു. തുടർന്നാണ് പിന്തുണ വ്യക്തമാക്കുന്ന കത്തുമായി വരാൻ ഗവർണർ നിർദേശിച്ചത്.

അതേസമയം, സർക്കാർ രൂപീകരണത്തിനായി ക്ഷണിക്കുന്നതിന് മുമ്പുതന്നെ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഗവർണർ ആവശ്യപ്പെട്ടതിനെതിരേ വിജയ് കോടതിയെ സമീപിക്കാനൊരുങ്ങുന്നതായാണ് വിവരം. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയോട് അതുസംബന്ധിച്ച് നിയമോപദേശം തേടിയതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കേവല ഭൂരിപക്ഷത്തിനുവേണ്ട എംഎൽഎമാരുടെ പിന്തുണ ഉറപ്പുവരുത്താനാകാത്തതിനെത്തുടർന്ന് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് അനിശ്ചിതത്വത്തിലായിരുന്നു. കോൺഗ്രസിന്റേയും ഇടതുകക്ഷികളുടേയും സഹായം ടിവികെ തേടിയെങ്കിലും കോൺഗ്രസ് മാത്രമാണ് നിലവിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്ലിം ലീഗും സിപിഎം, സിപിഐ പാർട്ടികളും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.