ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയതിനാണ് തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ച് എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പി. വെട്രിവേല്‍ യാത്ര നടത്തിയത്. 

To advertise here,

യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും പ്രശ്‌നമില്ല മുരുകന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി യാത്ര ആരംഭിച്ചത്. ഒരു ഭക്തന്‍ എന്ന നിലയില്‍ മരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന്‍ പറഞ്ഞു.

ഇന്ന് രാവിലെ എല്‍.മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങള്‍ക്ക് മാത്രമാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബി.ജെ.പി. അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പോലീസ് യാത്ര തടയുകയും എല്‍.മരുകന്‍ ഉള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ആറുജില്ലകളില്‍ നിന്നെത്തിയ 1200-ഓളം പോലീസുകാര്‍ തിരുത്തണി മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ സുരക്ഷയൊരുക്കിയിരുന്നു. 

മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പര്‍കൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതില്‍ മതനിന്ദ ആരോപിച്ച് ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നിരുന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുരുകനെ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വെട്രിവേല്‍ യാത്ര ബി.ജെ.പി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചമുതല്‍ ഡിസംബര്‍ ആറുവരെയാണ് ബി.ജെ.പി. സംസ്ഥാനത്ത് 'വെട്രിവേല്‍ യാത്ര'യ്ക്ക് പദ്ധതിയിട്ടത്. 

ബി.ജെ.പി. പ്രഖ്യാപിച്ചിരുന്ന വെട്രിവേല്‍യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തുന്ന യാത്ര തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്. സാമുദായികവികാരം ഇളക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രയെന്നും ഇതു ക്രമസമാധാനനില തകരാറിലാക്കുമെന്നും കോവിഡ് പടരുന്നതിന് കാരണമാകുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

മതസമ്മേളനങ്ങള്‍ക്ക് വിലക്കില്ലെന്നും ശാരീരികാകലം പാലിക്കണമെന്നുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതെന്നും ബി.ജെ.പി.ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യാത്രയ്ക്കിടയില്‍ ഒരിടത്തും തങ്ങുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടും വേല്‍യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി. വാദിച്ചു.

എന്നാല്‍, ഇതംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. 100 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്ക് 15 വരെ വിലക്കുള്ളത് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ന്ന് തീരുമാനം സര്‍ക്കാരിനുവിടുകയായിരുന്നു. 


Content Highlights: Vetri Vel Yatra: Tamil Nadu police arrests BJP state president L.Murukan