നെതര്‍ലന്‍ഡ്‌സിന്റെ ഇഷ്ടവാഹനം സൈക്കിളാണ്.നഗരത്തിന് ചുറ്റും മേയറുടെ നേതൃത്വത്തില്‍ സൈക്കിള്‍ സവാരി നടത്തിയാണ് ഇന്ത്യയുടെ നയതന്ത്രപ്രതിനിധി വേണു രാജാമണിക്ക് ഹേഗ് യാത്രാമൊഴി നല്‍കിയത്. സേവനത്തെ പ്രകീര്‍ത്തിച്ച് നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി വ്യക്തിപരമായി കത്തുമെഴുതി. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസിഡര്‍ കൊച്ചി സ്വദേശിയായ വേണു രാജാമണിയുടെ ഐ.എഫ്.എസ് ജീവിതത്തിന് തിങ്കളാഴ്ച വിരാമം.ഓണ്‍ലൈനിലൂടെ മാതൃഭൂമി പ്രത്യേക ലേഖകന്‍ മനോജ് മേനോന് നല്‍കിയ അഭിമുഖത്തില്‍ വേണു സംസാരിക്കുന്നു.

To advertise here,

34 വര്‍ഷത്തെ ഐ.എഫ്.എസ്. ജീവിതത്തിനാണ് വിരാമമിടുന്നത്. ചൈന, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഔദ്യോഗിക കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

1986 ലാണ് ഞാന്‍ വിദേശകാര്യ സര്‍വീസില്‍ ജോലി ആരംഭിച്ചത്. സംഭവബഹുലവും വൈവിധ്യമാര്‍ന്നതുമായ ഒരു ഔദ്യോഗിക ജീവിതമായിരുന്നു. ഇന്ത്യക്കും കേരളത്തിനും വേണ്ടി നിരവധി സ്ഥാനങ്ങളില്‍, പല രീതികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ദുബായ്, നെതര്‍ലാന്‍ഡ്സ് തുടങ്ങി എവിടെയെല്ലാം പ്രവര്‍ത്തിച്ചുവോ അവിടെയെല്ലാം ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പരിശ്രമിച്ചു. നയതന്ത്ര മേഖലയിലെ നീണ്ടകാലത്തെ ജീവിതം അവസാനിക്കുന്നതില്‍ ദുഖമുണ്ടെങ്കിലും ഒരു പുതിയ ജീവിതം, ഒരു പുതിയ ഇന്നിങ്‌സ് തുടങ്ങുന്നതിന്റെ ആവേശവും ഉന്‍മേഷവും ഉത്സാഹവും ഇപ്പോഴുണ്ട്്.

പതിവ് ചോദ്യമാണ്.എങ്കിലും പറയാന്‍ ഏറെ കാണും. ഇതുവരെയുള്ള ഔദ്യോഗിക ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കുന്ന അനുഭവങ്ങളില്‍ പെട്ടെന്ന് മനസ്സില്‍ എത്തുന്നത് ഏതാണ് ?

ഒത്തിരി അനുഭവങ്ങളുണ്ട്. നെതര്‍ലന്‍ഡ്സിലെ ജീവിതത്തിന്റെ ഹൈലൈറ്റ് എന്തായിരുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. ഞാന്‍ എഴുതിയ ഇന്ത്യ-നെതര്‍ലാന്‍ഡ്സ് എന്ന പുസ്തകം നെതര്‍ലന്‍ഡ്സ് രാജാവ്  ആദ്യ കോപ്പി സ്വീകരിച്ചത് മറക്കാനാവില്ല. യു.ഇ.ഇ.യില്‍ ആയിരുന്നപ്പോള്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പുസ്തകം എഴുതിയിരുന്നു. ചൈനയില്‍ രണ്ട് പ്രാവശ്യം പ്രവര്‍ത്തിക്കാനും ചൈനീസ് ഭാഷ പഠിക്കാനും  സാധിച്ചത് സമ്പന്നമായ ഓര്‍മകളാണെനിക്ക്്.

ചൈനീസ് ഭാഷ ഏറ്റവും നന്നായി സംസാരിക്കുന്ന വിദേശികള്‍ക്കായുള്ള  ഒരു മത്സരത്തില്‍ ഹോങ്കോങ്ങില്‍ വച്ച് എനിക്കായിരുന്നു ഒന്നാം സ്ഥാനം. ചൈനയെ ഒരു ശത്രു രാജ്യമായിട്ടാണ് പലപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ കാണുന്നത്. എന്നാല്‍ ഒരു നയതന്ത്ര പ്രതിനിധിയായി 1990ല്‍ ചൈനയില്‍ എത്തുമ്പോള്‍ ഏനിക്ക് ആദ്യം ലഭിച്ച ഉത്തരവാദിത്വം സംസ്‌കാരവും വിദ്യാഭ്യാസവും മാധ്യമങ്ങളും കൈകാര്യം ചെയ്യലായിരുന്നു.

അതിലൂടെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ എനിക്ക് ചൈനീസ് സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞു.അതില്‍ വലിയ ഒരു വിഭാഗം ആളുകള്‍ സംസ്‌കൃത പണ്ഡിതന്മാരായിരുന്നു.ഇന്ത്യന്‍ സംഗീതത്തെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചും ബുദ്ധിസത്തെക്കുറിച്ചുമെല്ലാം അവര്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിട്ടുള്ള വ്യക്തികളാണ്.

ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ ഊര്‍ജ്ജം വന്നത് 1988ല്‍ രാജീവ് ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെയാണ്. ചൈനയുടെ സാധാരണക്കാര്‍ക്ക് ഇന്ത്യയോട് വലിയ ബഹുമാനമാണ്.അതിന് പ്രധാന കാരണം ബുദ്ധിസമാണ്. പുരാതന ചൈനയില്‍ ഇന്ത്യയുടെ പേര് western heaven  എന്നായിരുന്നു. ബുദ്ധന്‍ ജനിച്ചതു കൊണ്ട് ഹെവനും ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തായതു കൊണ്ട് വെസ്റ്റേണും .ഞാന്‍ അമേരിക്കയില്‍ ഉള്ള കാലഘട്ടത്തിലാണ് ഇന്ത്യ -അമേരിക്ക ആണവകരാര്‍ ഒപ്പു വച്ചത്. ഇന്ത്യയെ വളരെ ബഹുമാനിക്കുന്ന സമൂഹമാണ് അമേരിക്കയിലുള്ളത്. എന്നാല്‍ അവര്‍ ലോകത്തിലെ ഏക സൂപ്പര്‍ പവറാണ്. അതിന്റെ അഹങ്കാരം എന്നും അവര്‍ക്കുണ്ട്.

placeholder
വേണു രാജാമണി

കേരളവുമായി വേരോട്ടമുള്ള ഡച്ച് സംസ്‌കാരഭൂമിയില്‍ വച്ചാണ് താങ്കള്‍ വിരമിക്കുന്നത്. ഇരുസംസ്‌കാരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ മുഖം എന്താണ്?

രണ്ട് സംസ്‌കാരങ്ങളും തമ്മില്‍ ഇഴയടുപ്പമുള്ള ബന്ധമുണ്ട്. പ്രത്യേകിച്ച് കേരളവുമായി. 1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. 1604 ല്‍ തന്നെ അവര്‍ കേരളത്തിന്റെ തീരങ്ങളില്‍ എത്തിക്കഴിഞ്ഞിരുന്നു. കോഴിക്കോടിന് അടുത്താണ് ആദ്യത്തെ കപ്പല്‍ വന്നത്. പിന്നീട് പോര്‍ച്ചുഗീസുകാരെ തോല്‍പിച്ച് കൊച്ചി അവര്‍ കീഴടക്കി.

കൊച്ചി അവരുടെ ഏറ്റവും പ്രധാന താവളമായി മാറി. 100 വര്‍ഷത്തോളം ഡച്ചുകാര്‍ക്കായിരുന്നു മലബാര്‍ മേഖലയില്‍ പ്രാധാന്യം. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര ശക്തിയാണ് ഡച്ചുകാര്‍ പ്രയോഗിച്ചതെങ്കില്‍, കേരളത്തില്‍ കൊളോണിയല്‍ ശക്തിയാണ് പ്രയോഗിച്ചത്. അതാണ് കേരളത്തിലെ ഡച്ച് സ്വാധീനത്തിന്റെ വ്യത്യസ്തത. അവര്‍ കേരളത്തിന്റെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുകയും  ആളുകളെ തമ്മില്‍ തല്ലിച്ച അതിലൂടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു.

ഒരു രാജാവ് മരിക്കുമ്പോള്‍ ഏത് മരുമകന്‍ പിന്തുടര്‍ച്ചാവകാശിയാകണമെന്ന് തീരുമാനിക്കുന്നതുവരെ അവരുടെ സ്വാധീനമെത്തി. ചരിത്രത്തിലുള്ള ഈ ഇടപെടല്‍ പില്‍ക്കാലത്ത് ഇന്ത്യ-ഡച്ച് സാംസ്‌കാരിക വിനിമയത്തിലേക്ക് വളര്‍ന്നു.കഴിഞ്ഞ ദിവസം കോസ്മോസ് മലബാറിക്കസ് എന്ന പേരില്‍ ഒരു പഠനപദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ശ്രീശങ്കരാ സര്‍വകലാശാലയും നെതര്‍ലാന്‍ഡ്സിലെ ഏറ്റവും പ്രശസ്തമായ ലൈഡന്‍ സര്‍വകലാശാലയും ദേശീയ ആര്‍കൈവ്സും ചേര്‍ന്നുള്ള പ്രോജക്ടാണ് ഇത്. പതിനേഴാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഡച്ച് ഭാഷയില്‍ എഴുതപ്പെട്ട കേരളത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഡച്ച് രേഖകള്‍ ഇന്ന് ഇന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പ്രധാനമായും ഉള്ളത്. നെതര്‍ലാന്‍ഡ്സിലുമുണ്ട്.

ഇതെല്ലാം  ഡച്ചുകാര്‍ അന്നത്തെ കാലത്ത് അയച്ച വളരെ ആഴത്തിലുള്ള ,വിശദമായിട്ടുള്ള വിവരണങ്ങളാണ്. കേരളത്തെക്കുറിച്ചും തമിഴ്നാടിനെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങള്‍. അന്നത്തെ സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ മലബാറിനെക്കുറിച്ച് വിശദമായി ഈ രേഖകളില്‍ പറയുന്നുണ്ട്. ഇതെല്ലാം പതിനേഴാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഡച്ച് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. അത് വായിച്ച് മനസ്സിലാക്കാന്‍ ശേഷിയുള്ളവര്‍ നെതര്‍ലാന്‍ഡ്സില്‍ തന്നെ വളരെ കുറവാണ്.

പുതിയ തലമുറയിലെ ചെറുപ്പക്കാരെ ക്ലാസിക്കല്‍ ഡച്ച് പഠിപ്പിക്കുക എന്നതാണ് പുതിയ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത് .ചെറുപ്പക്കാര്‍ എന്ന് പറയുമ്പോള്‍ ഇന്ത്യക്കാര്‍, മലയാളികള്‍, നെതര്‍ലാന്‍ഡുകാര്‍ എന്നിവരെല്ലാം ഉണ്ട്. അവരെ ക്ലാസ്സിക്കല്‍ ഡച്ച് പഠിപ്പിക്കും. എന്നിട്ട് ,ഇപ്പോള്‍ തന്നെ ഡിജിറ്റലൈസ് ചെയ്ത ആര്‍ക്കൈവ്സ് പഠിക്കുകയും അതിന്റെ രത്നച്ചുരുക്കം ഉണ്ടാക്കുകയും അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടാക്കുകയും കേരളത്തിന്റെ സമകാലിക പ്രാദേശിക വിഭവങ്ങളും അതുപോലെ പോര്‍ട്ടുഗീസ് വിഭവങ്ങളും പരിശോധിച്ച് ഒരു പ്രസിദ്ധീകരണ പരമ്പര പുറത്തിറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ രേഖകള്‍ വിജ്ഞാന ഖനികളാണെന്നാണ്. നെതര്‍ലാന്‍ഡ്സിലെ ചരിത്ര അധ്യാപകര്‍ പറയുന്നത്. ഇതിലുള്ളത്രയും വിവരങ്ങള്‍ കേരള ചരിത്രത്തെക്കുറിച്ച് വേറെ എവിടെയും ലഭിക്കില്ല എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഡച്ചുകാരുടെ ആ കാലഘട്ടം കേരളത്തില്‍ വളരെ നിര്‍ണായകമായിരുന്നു. ഇന്നും എവിടെ നോക്കിയാലും ഏറ്റവും അധികം ഡച്ച് സാന്നിധ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണുന്നത് കേരളത്തിലാണ്.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഡച്ച് ഗവര്‍ണറുടെ വേനല്‍കാല വസതിയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നും പ്രിന്‍സസ് സ്ട്രീറ്റും ബര്‍ഗര്‍ സ്ട്രീറ്റുമുണ്ട്.ബര്‍ഗര്‍ എന്നാല്‍ ട്രേഡര്‍ എന്നാണ് അര്‍ഥം. ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ പോയാല്‍, അവിടെ വാസ്‌കോഡ ഗാമയെ മാത്രമല്ല. ഒത്തിരി ഡച്ച് ഗവര്‍ണര്‍മാരെ അടക്കം ചെയ്തിരിക്കുന്നത് കാണാം. പരേഡ് ഗ്രൗണ്ട് നോക്കിയാല്‍ ഒരു വീടിന്റെ ആര്‍ച്ചില്‍ വി.ഒ.സി എന്നെഴുതിയിരിക്കുന്നത് കാണാം.വി.ഒ.സി എന്നാണ് ഡച്ച് ഭാഷയില്‍ ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ പേരെഴുതുന്നത്. അതിന്നും അവിടെ മായാതെയുണ്ട്.

മാത്രമല്ല, ഇന്‍ഡോ-ഡച്ച് ബന്ധത്തില്‍ ലോകത്തിനും കേരളത്തിനും ലഭിച്ച ഏറ്റവും വലിയ സംഭാവനയെന്നത് കൊച്ചിയിലെ ഡച്ച് കമാന്‍ഡര്‍ ഹെന്‍ട്രിക് ആഡ്രിയാന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ 12 വാല്യമുള്ള ഹോര്‍ട്ടസ് മലബാറിക്കസ് (ഹോര്‍ത്തൂസ് മലബാറിക്കസ്) എന്ന് പറയുന്ന ഗ്രന്ഥ പരമ്പരയാണ്. ഹോര്‍ട്ടസ് മലബാറിക്കസ്  ലാറ്റിന്‍ ഭാഷയിലാണ് ഒറിജിനലായി എഴുതിയത്. മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ശേഖരമാണ് അത്. 742 വളരെ അപൂര്‍മായ ഔഷധസസ്യങ്ങള്‍,മലബാര്‍ മേഖലയിലെ സസ്യങ്ങള്‍,അതോരോന്നും കൃത്യമായി റെക്കോര്‍ഡ് ചെയ്യുകയും അതിന്റെ ഔഷധ ഗുണം വിവരിക്കുകയും ഏത് രോഗത്തിന് എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

അതിനോടൊപ്പം ഇവയെ തിരിച്ചറിയാന്‍ ഉതകുന്ന രീതിയില്‍, മനോഹരമായ ചിത്രങ്ങള്‍ തയ്യാറാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ പണ്ട് കാലത്തെ കൊളോണിയല്‍ ഭരണാധികാരികള്‍ നമ്മുടെ അറിവും നമ്മുടെ വിജ്ഞാനവും എടുത്തിട്ട് അവരുടെ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പതിവ്. എന്നാല്‍ ഈ ഗ്രന്ഥ പരമ്പരയില്‍  ഇട്ടി അച്ചുതന്‍ എന്ന വൈദ്യന്‍ മലയാളത്തില്‍ എഴുതിയ ഒരു സര്‍ട്ടിഫിക്കറ്റ്  ചേര്‍ത്തിട്ടുണ്ട്. ഞാന്‍ ഇത് വായിച്ച് നോക്കി ഉള്ളടക്കം മനസ്സിലാക്കി. ഉള്ളടക്കം മുഴുവന്‍ ശരിയാണ് എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നാണ് ആ കത്തില്‍ പറയുന്നത്.

ഓരോ ചെടികളെയും കുറിച്ച് ലാറ്റിന്‍, മലയാളം, കൊങ്കണി, അറബിക് ഭാഷകളില്‍ പോലും പരാമര്‍ശിക്കുന്നുണ്ട്. ലോകത്തിന് തന്നെ സഹായകരമാകുന്ന ഒരു വിജ്ഞാനത്തിന്റെ ഖനിയായിട്ടാണ് ഈ ഹോര്‍ട്ടസ് മലബാറിക്കസ് അന്ന് തയ്യാറാക്കിയത്. അന്ന് അത് ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ടതു കൊണ്ട് അന്ന് അത് ലോകത്തിന് നഷ്ടപ്പെട്ടു. അതിനെക്കുറിച്ച് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതിന് ശേഷം ഡോ.മണിലാല്‍ ലാറ്റിന്‍ ഭാഷ പഠിച്ച് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി സര്‍വകലാശാല പ്രസിദ്ധീകരിച്ചപ്പോഴാണ് അത് ലോകത്തിന് ലഭ്യമായത്. അതുപോലെ കോസ്മോസ് മലബാറിക്കസും നമ്മുടെ അറിവിലേക്ക് പഴയവിജ്ഞാനത്തെ കൊണ്ടു വരും.അല്ലെങ്കില്‍ ഒത്തിരി പുതിയ അറിവ് പുറത്തു കൊണ്ടു വരും.

കേരളവുമായി ബന്ധപ്പെട്ട മറ്റൊരു ഡച്ച് വിഷയം തിരുവിതാം കൂറിലെ വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡിലനോയി ആണ്. ഡിലനോയ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഒരു ക്യാപ്റ്റനായിരുന്നു. മാര്‍ത്താണ്ഡവര്‍മയുമായുള്ള യുദ്ധത്തില്‍ തോറ്റ് ആദ്യം യുദ്ധത്തടവുകാരനായി. ബുദ്ധിമാനായ മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ സ്വന്തം സേനയിലേക്ക് എടുത്ത് തിരുവിതാംകൂര്‍ സേനയുടെ അധിപനാക്കി.

തിരുവിതാംകുര്‍ സൈന്യത്തെ നവീകരിക്കാനും പാശ്ചാത്യവല്‍ക്കരിക്കാനുമുള്ള  ദൗത്യം ഡിലനോയിയെ ഏല്‍പിച്ചു. ഡിലനോയി മാത്രമല്ല, ഡിലനോയിയുടെ മകനും മാര്‍ത്താണ്ഡവര്‍മക്കും ധര്‍മരാജയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഇന്നും ഒരു പള്ളിയുണ്ട്. ആ പള്ളിയിലാണ് ഡിലനോയിയും ഭാര്യയും മകനും അടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ഡിലനോയി 34 വര്‍ഷക്കാലം തിരുവിതാംകൂറില്‍ താമസിച്ച് പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് വളരെ കുറവാണ്. അദ്ദേഹം തിരിച്ച് നെതര്‍ലാന്‍ഡസില്‍ എപ്പോഴെങ്കിലും വന്നിരുന്നോ, അദ്ദേഹം നെതര്‍ലാന്‍ഡ്സിലേക്ക് കത്തുകള്‍ അയച്ചോ, ആ കത്തുകള്‍ നെതര്‍ലാന്‍ഡ്സില്‍ ആരുടെയെങ്കിലും കയ്യിലുണ്ടോ. അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കയ്യിലുണ്ടോ എന്നെല്ലാം അന്വേഷിക്കാവുന്നതാണ്.

placeholder
വേണു രാജാമണി

കേരള ചരിത്രത്തില്‍ പലതു കൊണ്ടും നിര്‍ണായകത നേടിയ ഡച്ച് നേതൃത്വങ്ങളുണ്ട്.അവരുടെ പിന്‍മുറക്കാരെ കണ്ടുമുട്ടാനായോ ?

പിന്‍ഗാമികള്‍ ഉണ്ട്. എന്നാല്‍ ഇന്നത്തെ നെതര്‍ലാന്‍ഡ്സിലെ ജനാധിപത്യ ഭരണക്രമത്തില്‍ അവര്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല.മാത്രമല്ല,ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം തന്നെ ഇന്നത്തെ ഡച്ചുകാര്‍ അത്ര സന്തോഷത്തോടെയല്ല കാണുന്നത്. ഒത്തിരി ക്രൂരതകള്‍ കാട്ടുകയും, അടിമത്തം നടപ്പാക്കുകയും ചൂഷണം നടത്തുകയും വ്യാപാരത്തില്‍ കുത്തക മേധാവിത്വം പുലര്‍ത്തുകയും ചെയ്ത കാലം എന്ന നിലയിലാണ്് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്തെ ആധുനിക സമൂഹം വിലയിരുത്തുന്നത്.

കുത്തക സമീപനം കൊണ്ടാണ് പണമുണ്ടാക്കിയത്. അല്ലാതെ, സ്വതന്ത്രവ്യാപാരമല്ല നടത്തിയതെന്ന വിലയിരുത്തല്‍ ശക്തമാണ്. അതിനാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചുള്ള ഓര്‍മ ഇന്ന് നെതര്‍ലാന്‍ഡ്സില്‍ ഒരു വിവാദമാണ്. നമുക്ക് ഇതൊക്കെ ഒരു കാല്‍പനിക ഭൂതകാലം ആണെങ്കിലും നെതര്‍ലാന്‍ഡ്സില്‍ കുറെക്കൂടി സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുറെക്കൂടി political ആയാണ് കൈകാര്യം ചെയ്യുന്നത്. നെതര്‍ലന്‍ഡ്സിലുള്ള കൊളോണിയല്‍ ഭൂതകാലത്തിന്റെ പ്രതിമകളും ചിത്രങ്ങളും എടുത്ത് മാറ്റണമെന്ന് പറഞ്ഞ് നെതര്‍ലാന്‍ഡ്സിലെ ഇടതുപക്ഷ വാദികള്‍ പ്രക്ഷോഭം നടത്തിവരികയാണ്.

കേരളത്തോട് ചരിത്രപരമായ അടുപ്പം ഇപ്പോഴും നെതര്‍ലാന്‍ഡ്സിനുണ്ടോ? പ്രളയം നേരിടാനുള്ള സാങ്കേതിക വിദ്യ, കേരളത്തില്‍ ഡച്ച് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍-ഇവയൊക്കെ തരുന്നതിന് പിന്നില്‍ ഈ അടുപ്പമുണ്ടോ ?

വിദേശരാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിന്റെ മാത്രമല്ല, സംസ്ഥാനസര്‍ക്കാരുകളുടെയും ബന്ധം ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിക്കണമെന്നാണ് പൊതുവേ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം. ഞാന്‍ നെതര്‍ലാന്‍ഡ്സില്‍ ഉണ്ടായിരുന്ന മൂന്നര വര്‍ഷത്തെ കാലഘട്ടത്തില്‍ ഒരുപാട് ഉന്നത സന്ദര്‍ശനങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. നെതര്‍ലാന്‍ഡ് പ്രധാനമന്ത്രി മാര്‍ക് റൂത്ത് ഇന്ത്യ സന്ദര്‍ശിച്ചു. രാജാവും രാജ്ഞിയും ഇന്ത്യയില്‍ വന്നു. അതുപോലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി, കേരളാ മുഖ്യമന്ത്രി എന്നിവരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചു.

കേരളവും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ബന്ധത്തില്‍  കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. നെതര്‍ലാന്‍ഡ്സ് എന്ന പേര് തന്നെ കേരളവുമായി ബന്ധപ്പെടുത്താവുന്നതാണ്. നെതര്‍ എന്ന വാക്കിന്റെ അര്‍ഥം വെള്ളമെന്നാണ്. വെള്ളം നിറഞ്ഞ പ്രദേശമാണ് നെതര്‍ലാന്‍ഡ്സ്. കടല്‍നിരപ്പിന് താഴെയാണ് നെതര്‍ലാന്‍ഡ്സ് എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി വെള്ളവുമായി മല്ലിട്ട് ജീവിക്കുന്ന ജനതയായിട്ടാണ് അവര്‍ അറിയപ്പെടുന്നത്.

ഇന്ന് വെള്ളത്തിന്റെ കാര്യത്തില്‍, പ്രളയം തടയുന്ന കാര്യത്തില്‍ ലോകത്ത് നെതര്‍ലാന്‍ഡ്സാണ് വിദഗ്ധര്‍. അമേരിക്ക പോലും നെതര്‍ലാന്‍ഡ്സില്‍ നിന്ന് വൈദഗ്ധ്യം തേടാറുണ്ട്. നെതര്‍ലാന്‍ഡ്സില്‍ അവര്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഡച്ച് മാതൃകയുണ്ട്. അത് ലോകബാങ്കിന്റെ സഹായത്തോടെ നമുക്ക് കേരളത്തില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെയും നെതര്‍ലാന്‍ഡ്സിലെയും വിദഗ്ധര്‍ ഒരുമിച്ച് തയ്യാറാക്കിയ ശുപാര്‍ശകള്‍ നടപ്പാക്കിയത് മൂലമാണ് 2018 ന് ശേഷം വലിയ പ്രളയമുണ്ടാകാതെ പോയത്.

കുട്ടനാടിന് വേണ്ടി ഇന്തോ-ഡച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍ വന്നത് തന്നെ വലിയ കാര്യമാണ്. അവര്‍ കുട്ടനാട് സന്ദര്‍ശിച്ചു. ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെ മേധാവി കേരളത്തില്‍ വന്ന് സൗന്ദര്യം വീക്ഷിക്കുന്നത് ടൂറിസം രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കും. നെതര്‍ലാന്‍ഡ്സിലെ ആധുനികതുറമുഖത്തിന്റെ സഹായത്തോടെ കേരളത്തിലെ സംസ്ഥാന തലതുറമുഖങ്ങള്‍ നവീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചരിത്ര പരമായ ബന്ധം മാത്രമല്ല, പല മേഖലകളിലും നെതര്‍ലാന്‍ഡ്സുമായി പുതിയ ബന്ധങ്ങളുണ്ടാക്കുകയും അതില്‍ നിന്നും കേരളത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് അവിടുത്തെ പ്രധാനമന്ത്രി താങ്കള്‍ക്കെഴുതിയ കത്തില്‍ ശ്ലാഘിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യം എത്രത്തോളമുണ്ട്?

നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ സമൂഹം വ്യത്യസ്തമായ സമൂഹമാണ്. രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ സൂരിനാമില്‍ നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് വന്നിട്ടുള്ള ഹിന്ദുസ്ഥാനി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ പൂര്‍വപിതാക്കളെ 150 വര്‍ഷം മുമ്പ് ബിഹാറില്‍ നിന്നും യു.പിയില്‍ നിന്നും ഡച്ചുകാര്‍ സൂരിനാമിലേക്ക് ജോലിക്കായി കൊണ്ടു പോയതാണ്. 1975 ല്‍ സൂരിനാം സ്വാതന്ത്യം നേടിയപ്പോള്‍ ഒരു ലക്ഷത്തോളം ആളുകള്‍ നെതര്‍ലന്‍ഡ്സിലേക്ക് കുടിയേറി.

1980 ല്‍ സൂരിനാമില്‍ ഒരു പട്ടാള അട്ടിമറിയുണ്ടായി.ആ മിലിട്ടറി ഭരണകൂടത്തിന് കീഴില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതി,ഒരു ലക്ഷം പേര്‍ കൂടി നെതര്‍ലാന്‍ഡ്സിലേക്ക് കുടിയേറി. അങ്ങനെ വന്ന രണ്ട് ലക്ഷത്തിന്റെ സമൂഹമാണ് നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ സമൂഹം. അങ്ങനെ വേരുകള്‍ ഇന്ത്യയിലും വിദ്യാഭ്യാസവും ഭാഷയും സംസ്‌കാരവും ഡച്ചിലുമായിട്ടാണ് ഈ ഹിന്ദുസ്ഥാനി സമൂഹം നിലനില്‍ക്കുന്നത്. നെതര്‍ലന്‍ഡ്സിന്റെ  എല്ലാ മേഖലകളിലും ഇവരുണ്ട്.

ഹേഗ് എന്ന് പറയുന്നത് യു.കെ. ഒഴികെ മുഴുവന്‍ യൂറോപ്പിലെയും ഏറ്റവും വലിയ ഇന്ത്യന്‍ നഗരം എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ അമ്പതിനായിരത്തോളം ഇന്ത്യക്കാര്‍ നേരിട്ടെത്തിയവരാണ്.എഴുപതുകള്‍ക്ക് ശേഷം  നെതര്‍ലന്‍ഡ്സില്‍ എത്തിയ ഇന്ത്യക്കാര്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്.നെതര്‍ലന്‍ഡ്സിലെ എല്ലാ പ്രധാനപ്പെട്ട ടെക്നിക്കല്‍ കമ്പനികളിലും വലിയ തോതില്‍ ഇന്ത്യക്കാരുണ്ട്.അയ്യായിരത്തോളം മലയാളികളും നെതര്‍ലന്‍ഡ്സില്‍ ഉണ്ട്. സര്‍വകലാശാലകളില്‍ വന്‍ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്.ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെട്ടതാണ്.ഇന്ത്യന്‍ സമൂഹത്തെ നെതര്‍ലാന്‍ഡ്സ് കൂടുതലായി സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി എനിക്ക് എഴുതിയ കത്തില്‍ പറയുന്നത്.അതിനൊപ്പം ഇന്ത്യന്‍ സമൂഹം നെതര്‍ലന്‍ഡ്സിന്റെ രാജ്യത്തിനും സമ്പദ് ഘടനയ്ക്കും നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ് എന്നും അദ്ദേഹം അനുസ്മരിക്കുന്നു.ഇന്ത്യന്‍ സമൂഹത്തെ അവര്‍ വളരെ അധികം ആദരിക്കുന്നു.

ഹേഗ് നഗരം ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് പോലെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടെ ആസ്ഥാനമാണ്. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ എന്തൊക്കെയാണ് ?

ഹേഗില്‍ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയുമായുള്ള ഈ സ്ഥാപനങ്ങളുടെ ബന്ധം കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു. മൗറീഷ്യസും ഇന്ത്യയും തമ്മിലുള്ള ഒരു വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായി ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു.അത് ഒരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. സാധാരണ നിലയില്‍ അംബാസിഡര്‍മാര്‍ക്ക് ലഭിക്കുന്ന അവസരമല്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയുടെ മേധാവിയോട് യാത്ര പറയാനായി ചെന്നപ്പോള്‍,എന്റെ അച്ഛന്‍ എവിടെയായിരുന്നാലും സന്തോഷിക്കും എന്ന് ഞാന്‍ പറഞ്ഞു. കാരണം,ഒരു സബ്‌കോടതിയില്‍ പോലും അഭിഭാഷകനായി ഹാജരാകാത്ത ഞാന്‍ അന്താരാഷ്ട്ര കോടതിയുടെ മുന്നില്‍ ഹാജരായി! അതുപോലെ പ്രധാനപ്പെട്ട കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള നിയമസംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും വലിയ അനുഭവമായിരുന്നു.

കോവിഡ് കാലത്തെ നെതര്‍ലന്‍ഡ്സ് എങ്ങനെയാണ് നേരിട്ടത് ?

ഇപ്പോള്‍ യൂറോപ്പ് മുഴുവന്‍ കോവിഡിന്റെ ഒരു രണ്ടാം വരവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നെതര്‍ലാന്‍ഡ്സിനും ബാധകമാണ്. കേരളത്തിന്റെ പകുതി ജനസംഖ്യയാണ് നെതര്‍ലാന്‍ഡ്സിലുള്ളത്. 17 മില്യനാണ് ജനസംഖ്യ.എന്നാല്‍ ഈ ജനസംഖ്യ വച്ച് നോക്കുമ്പോള്‍ അവരുടെ രോഗ നിരക്കും മരണ സംഖ്യയും വളരെ ഉയര്‍ന്നതാണ്.എന്നാല്‍ അവര്‍ ബുദ്ധിപരമായാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പരിപൂര്‍ണമായി സാമ്പത്തിക രംഗം ഒരിക്കലും അടച്ചിട്ടിട്ടില്ല. ടൂറിസം പോലെയുള്ള ചില മേഖലകള്‍ അടച്ചു. യാത്രയെ ബാധിച്ചിട്ടുണ്ട്.

എങ്കിലും അവര്‍ എല്ലാ രാജ്യങ്ങളെയും പോലെ തന്നെ സമ്പദ് ഘടന നിലനിര്‍ത്തുകയും അതിന് മുന്നോട്ട് പോകാനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു.പാവപ്പെട്ടവര്‍ക്ക്, ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി. രോഗം പടരാതിരിക്കാനുള്ള നടപടികളും കൈക്കൊണ്ടു. രണ്ടാം വരവിനെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഈ സമയത്ത് നിയന്ത്രണം വര്‍ധിപ്പിക്കുകയും ക്രിസ്മസ്,പുതുവത്സര നാളുകളില്‍ ഇളവ് നല്‍കുകയും ചെയ്യുക എന്നതിനെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്. എന്നാല്‍ അത് വിജയിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. സര്‍ക്കാര്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തി വിവരങ്ങള്‍ കൈമാറുന്നുണ്ട്.

പ്രണബ് മുഖര്‍ജിയുമായുള്ള ബന്ധം പറയാതെ വേണു രാജാമണിയുടെ ഔദ്യോഗിക ജീവിതകഥ പൂര്‍ത്തിയാകില്ല. മുന്‍ രാഷ്ട്രപതിയുമായുള്ള അനുഭവം എത്രമാത്രം ആഴത്തിലുള്ളതാണ് ?

പ്രണബ് മുഖര്‍ജിയെ ആദ്യമായി കാണുന്നത് ദുബായിയില്‍ ഞാന്‍ കോണ്‍സുലര്‍ ജനറലായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഞാന്‍ അദ്ദേഹത്തെ ദുബായ് മുഴുവന്‍  കാണിച്ചു കൊടുത്തു. അതിന് ശേഷം അദ്ദേഹം ദുബായിയില്‍ ഒരു ഔദ്യോഗിക സന്ദര്‍ശനത്തിന് വന്നിരുന്നു. ദുബായിയിലെ കാലഘട്ടത്തിന് ശേഷം 2010 ല്‍ ഞാന്‍ ഡല്‍ഹിയില്‍ തിരിച്ചു വന്നപ്പോള്‍, ധനകാര്യമന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ക്ഷണം അദ്ദേഹം നല്‍കി. ധനകാര്യമന്ത്രാലയത്തില്‍ എ.ഡി.ബി തുടങ്ങിയ വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. ആ നിലയില്‍ ഏകദേശം രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. 2012 ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായപ്പോള്‍, പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രണബ് മുഖര്‍ജിയെപ്പോലെ ഒരു വ്യക്തി അപൂര്‍വമാണ്. അദ്ദേഹത്തെ പൊലെ വിജ്ഞാനവും പാണ്ഡിത്യവും രാഷ്ട്രീയ പരിചയവുമുള്ളവര്‍ വളരെ കുറവാണ്. ഒരു സമവായസൃഷ്ടാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമേഖല. രാഷ്ട്രീയ ജീവിതത്തില്‍ എത്ര തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാന്‍ അദ്ദേഹത്തെ നിരാശനായി കണ്ടിട്ടില്ല. താന്‍ രാജ്യത്തിന് നല്‍കിയതിനെക്കാള്‍ എത്രയോ കൂടുതല്‍ രാജ്യം തനിക്ക് നല്‍കിയെന്ന് അദ്ദേഹം പറയുമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രണബ് മുഖര്‍ജിയെപ്പോലെ ഒരു വ്യക്തി അപൂര്‍വമാണ്. അദ്ദേഹത്തിന് എല്ലാ രാഷ്ട്രീയ വിഭാഗങ്ങളായും നല്ല ബന്ധമുണ്ടായിരുന്നു. എല്ലാവരോടും സ്നേഹമുള്ള ഒരു വ്യക്തിയായിരുന്നു. എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഷന്‍.

പാര്‍ലമെന്റില്‍ അദ്ദേഹം 50 വര്‍ഷത്തോളം ഉണ്ടായിരുന്നു. ഞാനിപ്പോള്‍ എന്തായോ അത് ആക്കിയത് പാര്‍ലമെന്റാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് താന്‍ ഏറ്റവും സന്തുഷ്ടന്‍ എന്ന് പ്രണബ് പറഞ്ഞിട്ടുണ്ട്. വളരെ ലളിതമായ പശ്ചാത്തലത്തില്‍ നിന്നാണ് പ്രണബ് മുഖര്‍ജി ഇന്ത്യയിലെ ഒന്നാം പൗരനായി ഉയര്‍ന്നത്. പഠിക്കുന്ന കാലത്ത് വീട്ടില്‍ വൈദ്യുതി പോലുമില്ലായിരുന്നു. അച്ഛന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അമ്മയാണ് പ്രണബ് മുഖര്‍ജിയെ വളര്‍ത്തിയത്. പ്രണബ് മുഖര്‍ജിയുടെ ഓര്‍മശക്തി വളരെ പേര് കേട്ടതാണ്. അമ്മ പ്രണബിനോട് അന്ന് നടന്ന കാര്യങ്ങള്‍ വിവരിക്കാന്‍ എല്ലാ ദിവസവും പറയും. അന്ന് നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാനും മിഠായി വാങ്ങിയെങ്കില്‍ അതിന് എത്ര പൈസ കൊടുത്തുവെന്നുമൊക്കെ കൃത്യമായി പറയാന്‍ ആവശ്യപ്പെടുമായിരുന്നു. ഓര്‍മശക്തി വളരാന്‍ വളരെ കുട്ടിക്കാലത്ത് തന്നെ ഇത് സഹായിച്ചു .അദ്ദേഹം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ ഓര്‍മശക്തി സഹായിച്ചിരുന്നു. നടക്കുന്ന വിജ്ഞാന കോശം തന്നെയായിരുന്നു പ്രണബ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ പ്രണബിനെ വിശേഷിപ്പിച്ചിരുന്നത്.

കൊച്ചിയാണ് സ്വദേശം. ചരിത്രപ്പഴമ മുതല്‍ വിദേശ വാണിജ്യത്തിന്റെയും വിദേശ ബന്ധങ്ങളുടെയും നാടാണ് കൊച്ചി. ഈ പശ്ചാത്തലം നയതന്ത്ര മേഖല തിരഞ്ഞെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ ?

കൊച്ചിക്കും കേരളത്തിനും വളരെ ദീര്‍ഘകാലത്തെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ട്്.അത് വാസ്‌കോഡ ഗാമയോ യൂറോപ്യന്‍മാരോ വന്നപ്പോള്‍ തുടങ്ങിയതല്ല. അറബികളുമായി വ്യാപാരം നടത്തിയ കാലം മുതല്‍, ഇസ്രയേലുകാര്‍ കേരളത്തിലേക്ക് വന്ന കാലം മുതല്‍, ക്രിസ്തുമതം ഇന്ത്യയില്‍ വന്ന കാലം തൊട്ടെല്ലാം നമുക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ട്. എന്നാല്‍ എന്നെ വിദേശകാര്യ സര്‍വീസില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ പ്രേരിപ്പിച്ച കാര്യം ഞാന്‍ കോളേജില്‍ പഠിച്ച വിഷയങ്ങളാണ്.

മഹാരാജാസില്‍ ഞാന്‍ ബി.എ.ക്ക് പഠിച്ചത് പൊളിറ്റിക്കല്‍ സയന്‍സായിരുന്നു. രണ്ടാം റാങ്കോടു കൂടിയാണ് പാസ്സായത്. പൊളിറ്റിക്കല്‍ സയന്‍സിന്റെ ഉള്ളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ഇന്റര്‍നാഷണല്‍ റിലേഷന്‍സായിരുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിക്കാനായി ഡല്‍ഹിയില്‍ ജെ.എന്‍.യുവില്‍ ചേര്‍ന്നു. അവിടെ പഠിച്ചു കൊണ്ടിരുന്നപ്പോള്‍  സിവില്‍ സര്‍വീസില്‍ താല്‍പര്യം  തോന്നി. ഡിപ്ലോമസിയാണ് എനിക്ക് ഇഷ്ടപ്പെടുന്ന തൊഴിലെന്ന് തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെ പഠനം കഴിഞ്ഞ് തിരിച്ച് കേരളത്തിലെത്തി. എറണാകുളത്ത് ലോ കോളേജില്‍ പഠിക്കുന്ന സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാന്‍ തുടങ്ങിയത്. രണ്ട് പ്രാവശ്യം എഴുതി. ആദ്യത്തെ പ്രാവശ്യം എഴുതിയപ്പോള്‍ പോസ്റ്റല്‍ സര്‍വീസാണ് കിട്ടിയത്. അത് വേണ്ടെന്ന് വച്ച്് വീണ്ടും എഴുതി. ആ വര്‍ഷം വിദേശകാര്യസര്‍വീസില്‍ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

അച്ഛന്‍ പ്രശസ്തനായ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്നു. തന്റെ പാത മകന്‍ പിന്തുടരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചില്ലേ?

അച്ഛന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു നിര്‍ബന്ധമുണ്ടായിരുന്നില്ല. അച്ഛന്‍ സിവില്‍ സര്‍വീസിന് വേണ്ടി ശ്രമിച്ച് കിട്ടാതെ പോയ വ്യക്തിയാണ്. അതിനാല്‍ മകന്‍ സിവില്‍ സര്‍വീസില്‍ നന്നായി ചെയ്യണം എന്ന് അച്ഛന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍,നിയമരംഗത്ത് അച്ഛനെ പിന്തുടരാനായി  മക്കളാരും ഉണ്ടായിരുന്നില്ല എന്നതാണ് ഞങ്ങളുടെ എല്ലാവരുടെയും ദുഃഖം. എനിക്ക് നിയമത്തില്‍ നല്ല താല്‍പര്യമുണ്ടായിരുന്നു. നിയമ ബിരുദവും എടുത്തു. പൊളിറ്റിക്കല്‍ സയന്‍സിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന പഠിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഭരണഘടനയെക്കുറിച്ച് ഒത്തിരി അറിവുകള്‍ ഞാന്‍ അച്ഛനില്‍ നിന്ന് ശേഖരിച്ചു. ഭക്ഷണ മേശകളിലുള്ള ചര്‍ച്ചകളില്‍ പല കാര്യങ്ങളും മനസ്സിലാക്കാനും പഠിക്കുവാനും കഴിഞ്ഞു.

സിവില്‍ സര്‍വീസ് പ്രവേശനപരീക്ഷക്ക് ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സും നിയമവുമാണ് പ്രധാന വിഷയങ്ങളായി തിരഞ്ഞെടുത്തത്. നിയമരംഗത്തോട് എനിക്ക് ഇപ്പോഴും വലിയ താല്‍പര്യമുണ്ട്. അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ ഇതുവരെ സമയവും അവസരവും ലഭിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ ഒരു അഭിഭാഷകനായി എന്റോള്‍ ചെയ്യണം എന്ന് താല്‍പര്യമുണ്ട്. പ്രാക്ടീസ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.അച്ഛന്റെ താല്‍പര്യം ഐ.എ.എസായിരുന്നു.മകന്‍ നാട്ടില്‍ നില്‍ക്കും എന്നതായിരുന്നു,കൂടെ ഉണ്ടാകും എന്ന താല്‍പര്യമായിരുന്നു അതിന് കാരണം.എന്നാല്‍,എന്റെ താല്‍പര്യം ഐ.എഫ്.എസായിരുന്നു.അതനുസരിച്ച് ഐ.എഫ്.എസ് എടുത്ത് ഞാന്‍ വിദേശത്തേക്ക് പോയി.എന്റെ സഹോദരിയും സഹോദരീഭര്‍ത്താവും നിയമബിരുദമെടുത്തു.പക്ഷെ ഞങ്ങളാരും അച്ഛനെ പിന്തുടര്‍ന്നില്ല എന്നത് പിന്നീട്,പ്രത്യേകിച്ച്് അച്ഛന്‍ മരിച്ച ശേഷം ഞങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ച ഒരു കാര്യമാണ്.എനിക്ക് അഭിഭാഷകവൃത്തിയിലേക്ക് വന്നാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.

അച്ഛന്റെ സ്വാധീനത്തിലൂടെ, ബന്ധത്തിലൂടെ എനിക്ക് വളരെ ചെറുപ്പ കാലത്ത് തന്നെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പല പ്രാവശ്യം ഇന്റര്‍വ്യൂ ചെയ്തു. പ്രസംഗങ്ങള്‍ പല വട്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കല്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൊച്ചിയില്‍ ഹൈക്കോടതിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. ഞാന്‍ ആ ചടങ്ങ് വിശദമായി റിപ്പോര്‍ട്ട്്ചെയ്തു. ആ കവറേജ് ഇഷ്ടപ്പെട്ട ചന്ദ്രചൂഡ് എന്നെ പ്രത്യേകം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. അങ്ങനെ പല മഹാ രഥന്‍മാരെയും നേരില്‍ കാണുകയും അവരുമായി സംസാരിക്കുകയും ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലോക് അദാലത്ത് കവര്‍ ചെയ്യാന്‍ അവസരമുണ്ടായി. ഇതെല്ലാം നിയമത്തെക്കുറിച്ചുള്ള എന്റെ കൗതുകം കൂടുതല്‍ വളര്‍ത്തി. പിന്നീട് ഞാന്‍ ജനീവയില്‍ മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുമ്പോള്‍ ഈ അനുഭവ പരിചയം എന്നെ സഹായിച്ചു. ഞാന്‍ പലപ്പോഴും വേദിയില്‍ സംസാരിക്കുമ്പോള്‍, നിങ്ങള്‍ അഭിഭാഷകനാണോ എന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. there is law in my blood എന്ന് അപ്പോള്‍ ഞാന്‍ പറയും. എന്റെ അപ്പൂപ്പനും അഭിഭാഷകനായിരുന്നു. ആ നിലയ്ക്ക് എനിക്ക് പാരമ്പര്യമായി കിട്ടിയതാണ് നിയമമേഖലയുമായുള്ള അടുപ്പം. അത് നമ്മുടെ ഉപേബാധമനസ്സില്‍ വന്നു കയറിയിട്ടുള്ളതാണ്.

കുറച്ചു കാലം പത്രപ്രവര്‍ത്തകനുമായിരുന്നു താങ്കള്‍. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങാന്‍ താല്‍പര്യമുണ്ടോ?

മാധ്യമ രംഗത്ത് എനിക്ക് വലിയ താല്‍പര്യമുണ്ട്. മീഡിയയെ സൂക്ഷ്മമായി വീക്ഷിക്കുന്ന വ്യക്തിയാണ്. you have a worm's eye view of journalism എന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ബി.ജി.വര്‍ഗ്ഗീസ് ഒരിക്കല്‍ എന്നോട് പറഞ്ഞത്! bird's eye view അല്ല,worm's eye view. രണ്ടര വര്‍ഷം പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ എറണാകുളം ബ്യൂറോയില്‍ സ്റ്റാഫ് കറസ്പോണ്ടന്റായിരുന്നു. അന്ന് പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന നിരവധിപേര്‍ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. തുടക്കക്കാരന്‍ എന്ന നിലയില്‍ ഇനി എനിക്ക് പത്രപ്രവര്‍ത്തനത്തില്‍ ചേരാന്‍ കഴിയില്ല. മാത്രമല്ല, മൊത്തത്തില്‍ മാധ്യമരംഗം അത്ര സമ്പന്നമായ കാലഘട്ടമല്ല. എന്നാല്‍  മീഡിയ സംബന്ധമായ എന്തങ്കിലും അവസരം വന്നു ചേരുമോ എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

വിദ്യാര്‍ഥി ജീവിതകാലത്ത് താങ്കള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. മഹാരാജാസ് കോളേജിലെ നേതാവായിരുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുമോ ?

ഇല്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചനയില്ല. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ രാഷ്ട്രീയത്തിന്റെ ഒരു വിദ്യാര്‍ഥിയാണ്. ഒരു ജനാധിപത്യ രാജ്യത്തില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള അറിവും താല്‍പര്യവും ഇല്ലാതെ നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് മലയാളികളാണെങ്കില്‍ അവരുടെ രാഷ്ട്രീയ അവബോധം വളരെ പ്രധാനപ്പെട്ടതായിരിക്കും. അതു കൊണ്ട് തീര്‍ച്ചയായും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായി നില്‍ക്കണം എന്ന് ആഗ്രഹമുണ്ട്. ഡല്‍ഹിക്കും കേരളത്തിനും ഇടയിലായി പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്.

ജെ.എന്‍.യു. പഠനകാലത്താണ് ജീവിത പങ്കാളിയെ കണ്ടെത്തിയത്.കുടുംബ ജീവിതത്തെക്കുറിച്ച് കൂടി പറയൂ.

ഭാര്യ സരോജ് ഥാപ്പ ഡാര്‍ജിലിങ് സ്വദേശിയാണ്. മാതൃഭാഷ നേപ്പാളിയാണ്. സരോജ് ജെ.എന്‍.യുവില്‍ ചരിത്ര വിദ്യാര്‍ഥിയായിരുന്നു. ജെ.എന്‍.യുവില്‍ അന്നുണ്ടായിരുന്ന ഫ്രീ തിങ്കേഴ്‌സ് എന്ന സംഘടനയില്‍ ഞങ്ങള്‍ രണ്ടു പേരും അംഗങ്ങളായിരുന്നു. ഫ്രീ തിങ്കേഴ്‌സിലൂടെയാണ് സരോജിനെ പരിചയപ്പെട്ടതും അടുത്തതും. ആദ്യത്തെ വര്‍ഷം ഞാന്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ വര്‍ഷമായപ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തോട് വിരക്തി തോന്നി. പഠനം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം 1986 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്ന കാലത്താണ് വിവാഹം. അച്ഛനമ്മമാര്‍ക്ക് ഈ വിവാഹത്തോട് അത്ര സന്തോഷമില്ലായിരുന്നു. എങ്കിലും ഞങ്ങള്‍  കൂട്ടുകാരുടെ സഹായത്തോടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ കല്യാണം നടത്തി. രണ്ട് മക്കളുണ്ട്.മൂത്ത മകന്‍ വസന്ത് അമേരിക്കയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഇളയ മകന്‍ കാര്‍ത്തിക് ഡല്‍ഹിയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു.

content highlights: venu rajamani interview