കോഴിക്കോട്: രാവിലെ പതിവുപോലെ ന്യൂസ് ഫീഡിൽ പ്രത്യക്ഷപ്പെട്ട കർണാടക വാർത്തകളിലൊന്ന് കണ്ണിലുടക്കി. ഒരു ഫോട്ടോ ആയിരുന്നു കാരണം. ആ പൂച്ചക്കണ്ണുകൾ അത്രവേഗം മറക്കാനാവില്ലായിരുന്നു.

To advertise here,

വികാരമില്ലാതെ നമ്മൾ വായിച്ചുമറക്കുന്ന ആത്മഹത്യാ വാർത്തകളിൽ ഒന്ന്. പൂച്ചക്കണ്ണും പേരും കണ്ടപ്പോൾ ഞെട്ടി -വസുധാ ചക്രവർത്തി. ഇന്ത്യയിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫർമാരിൽ ഒരാളുടെ, പ്രിയസുഹൃത്തിന്റെ ചരമവാർത്ത!

പതിമ്മൂന്നുകൊല്ലംമുൻപ്‌ വസുധയുടെകൂടെ ചെലവഴിച്ച ദിനങ്ങൾ ഓർത്തു. ഡാഷിങ്, ബബ്‌ളി, ചാമിങ്, ബോൾഡ്... മാതൃഭൂമി യാത്രാ മാസികയ്ക്കുവേണ്ടി, കാട്ടിൽ ഒറ്റയ്ക്കുകഴിയുന്ന വനിതാ ഫോട്ടോഗ്രാഫറെ തേടിപ്പോയതായിരുന്നു ഞാനും ഫോട്ടോഗ്രാഫർ എൻ.എം. പ്രദീപും. ഊട്ടി കല്ലട്ടിക്കുമപ്പുറമുള്ള കാട്ടിലെ സോഫിയ ബംഗ്ലാവിൽ ആർക്കും പിടികൊടുക്കാതെ താമസിക്കുകയായിരുന്നു വസുധ.മൈസൂർ-ഊട്ടി റോഡിൽനിന്ന്‌ ഏഴുകിലോമീറ്റർ ഉള്ളിലേക്കുപോയി, ഷോളൂർ അങ്ങാടികഴിഞ്ഞ് മലയുടെ മാറിലൂടെ, വഴിയെന്നുവിളിക്കാവുന്ന കാട്ടുപാതയിലൂടെ വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചാൽമാത്രം എത്തുന്ന ഒരു ആരണ്യഭവനം. സൂര്യൻ ചാഞ്ഞാൽ പുലിയും കരടിയും ആനയും വന്നെത്തിനോക്കുന്ന ഇടം. അവിടെ ബുള്ളറ്റും മഹീന്ദ്രയും ഓടിക്കുന്ന, കൂട്ടിന് സുൽത്താൻ എന്ന റോട്‌വീലറുള്ള, കിക്ക് ബോക്‌സിങ്ങിൽ ബ്ലാക് ബെൽറ്റും കടുവയുടെ കണ്ണുമുള്ള എനർജറ്റിക്കായ യുവതി. ഞങ്ങൾ രണ്ടു ദിനം അവരോടൊപ്പം നീലഗിരിക്കാടുകൾ ചുറ്റി.

ക്ലൗഡ് ലെപ്പേഡ്‌സിനെപ്പറ്റി കൊൽക്കത്തയിൽവെച്ചുകണ്ട ഒരു ഡോക്യുമെന്ററിയാണ് കോർപ്പറേറ്റ് ബാങ്കുജോലിയുള്ള അയ്യങ്കാർ വീട്ടുപ്പൊണ്ണിനെ മാറ്റിമറിച്ചത്. ഊട്ടിയിലെ ലൈറ്റ് ആൻഡ് ലൈഫ് അക്കാദമിയിലെ പഠനം കഴിഞ്ഞപ്പോൾ വസുധ തീർച്ചപ്പെടുത്തി, ‘കാടേ നമുക്കു വഴി’.

കാട്ടിലെ പെൺകുട്ടി എന്ന തലക്കെട്ടോടെ മാതൃഭൂമി യാത്രയിൽ ഫീച്ചർ ഗംഭീരമായി അച്ചടിച്ചുവന്നു. ധാരാളംപേർ അവരെ കാണാനെത്തി. നിങ്ങൾ എന്റെ സ്വകാര്യത ഇല്ലാതാക്കി എന്ന പരിഭവം കുറെക്കാലം പറഞ്ഞുനടന്നു. ബന്ധം പതിയെ ഇല്ലാതായി. ബാഹ്യബന്ധങ്ങൾ വിച്ഛേദിക്കുകയാണെന്ന് ഒരിക്കൽ പറഞ്ഞതോർക്കുന്നു.

ഹൃദയഭേദകമായ വിയോഗം. കടുത്ത വിഷാദത്തിലായിരുന്നത്രെ. ഒരു കാടിനെപ്പോലെ ശാന്തമായി ഉറങ്ങൂ വസു...