ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ രാജ്യസഭ ബുധനാഴ്ച പാസാക്കി. ആം ആദ്മി പാർട്ടിയൊഴികെയുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയതിനുപിന്നാലെ, ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. വന്ദേമാതരത്തെ അപമാനിച്ചാൽ, ജനഗണമനയ്ക്കെന്നപോലെ മൂന്നുവർഷം തടവോ പിഴയോ രണ്ടുമോ ലഭിക്കുന്നതാണ് ബില്ലിലെ മാറ്റം.
പ്രീണനരാഷ്ട്രീയം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ ബഹുമതികളെ അനാദരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ചർച്ചയ്ക്ക് മറുപടിയിൽ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ‘‘വന്ദേമാതരത്തെ എതിർക്കുന്നത് നിങ്ങളുടെ തട്ടിപ്പുസംഘത്തിന്റെ മനോവീര്യം കൂട്ടാനാണ്. ഇത് സാധാരണ ബിൽ അല്ല. ഇന്ത്യയുടെ ആത്മാവിനെയും ദേശീയ അവബോധത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതും സ്വാതന്ത്ര്യസമരത്തെ ഓർമ്മിപ്പിക്കുന്നതുമാണ്.
ബങ്കിം ചന്ദ്ര ചാറ്റർജി 1875-ൽ ദേശീയഗീതം രചിച്ചു. ഒരുദിവസം ഇത് ‘ഒരു മന്ത്രമായി’ ഓരോ ഇന്ത്യക്കാരന്റെയും ചുണ്ടുകളിൽ ഉണ്ടാകുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു. നിർഭാഗ്യവശാൽ, 1937-ൽ വന്ദേമാതരം രണ്ട് ശ്ലോകങ്ങളിൽമാത്രമായി പരിമിതപ്പെടുത്തി. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾ വന്ദേമാതരം അവസാനവാക്കായി ഉപയോഗിച്ച പല സന്ദർഭങ്ങളുണ്ട്. കോൺഗ്രസ് വന്ദേമാതരത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല’’ -മന്ത്രി പറഞ്ഞു.
Content Highlights: Vande Mataram now holds equal status to the national anthem Jana Gana Mana., The bill imposes a three-year prison sentence or fine for insulting Vande Mataram., Passed in Rajya Sabha via voice vote following opposition walkout., Union Minister Nityanand Rai highlighted the cultural significance of the anthem., Historical context includes Bankim Chandra Chatterjee's 1875 composition.
Published: 30 Jul 2026, 04:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented