ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഫ്‌ളാഗ്ഷിപ്പ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണംചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍ തുടര്‍ക്കഥയാകുന്നു. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ 'ദാലില്‍' പ്രാണിയെ കണ്ടെത്തിയതാണ് പുതിയ സംഭവം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പോസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 22440 നമ്പര്‍ ട്രെയിനിലെ  സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍നിന്ന് പ്രാണിയെ കിട്ടിയത്. 

To advertise here,

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നായ വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി. റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം.

ചിത്രം വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ ട്രെയിനില്‍ ഒരു യാത്രക്കാരന് സാമ്പാറില്‍നിന്ന് പ്രാണികളെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.