
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമലയടിച്ചിലിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ടണലിനുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ രക്ഷപ്പെട്ടത് അതിസാഹസികമായി. അപകടമുണ്ടായ ഞായറാഴ്ച പ്രദേശത്തെ ജലവൈദ്യുത കോംപ്ലക്‌സിലേക്ക് മലവെള്ളം ഇരച്ചു കയറിയിരുന്നു. അവിടെയുള്ള ജീവനക്കാരായിരുന്ന കുമാറും സഹപ്രവര്‍ത്തകനും ആ സമയം നൂറടി താഴ്ചയില്‍ ടണലിനുള്ളിലായിരുന്നു.
"ഞങ്ങള്‍ക്കിത് സാധിക്കുമെന്ന് ഒരിക്കലും കരുതിയതല്ല", 28കാരനായ കുമാര്‍ ആശുപത്രിക്കട്ടിലില്‍ ഇരുന്ന് പറഞ്ഞു.
"വല്ലാത്തൊരു ചൂളം വിളിയാണ് ആ സമയം കേട്ടത്. നിലവിളിയും ഉയർന്നു. ആളുകള്‍ ഞങ്ങളോട് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. തീപ്പിടിത്തമായിരിക്കുമെന്നാണ് ഞങ്ങളാദ്യം കരുതിയത്. പുറത്തേക്കോടാനൊരുമ്പെടുമ്പോഴേക്കും വെള്ളം ഉള്ളിലേക്കെത്തി. ഒരു ഹോളിവുഡ് സിനിമ പോലെയുണ്ടായിരുന്നു", കുമാർ ആദ്യനിമിഷങ്ങളിലുണ്ടായ സംഭവങ്ങൾ വിവരിച്ചു.
നാല് മണിക്കൂറോളമാണ് ടണലിനുള്ളിലെ തൂണില്‍ ഈ മനുഷ്യര്‍ പറ്റിപ്പിടിച്ചു നിന്നത്. വെള്ളത്തിനും അതൊഴുക്കിക്കൊണ്ടുവന്ന ചെളിക്കും മുകളിലായി തലയുയര്‍ത്തി വെക്കാന്‍ മണിക്കൂറുകളോളമാണ് ആ അവസ്ഥയില്‍ തൂണില്‍ അവർ തൂങ്ങിപ്പിടിച്ചത്.
"എന്തൊക്കെ സംഭവിച്ചാലും തൂണില്‍ നിന്നു പിടിവിടരുതെന്ന് ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചു. തൂണില്‍ നിന്ന് ആ സമയമത്രയും കൈവഴുതാതെ പിടിച്ചു നില്‍ക്കാന്‍ പറ്റിയതിന് ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് പയ്യെ ടണലിനുള്ളിലെ വെള്ളം അടങ്ങി. കല്ലും മണലും ചെളിയും നിറഞ്ഞ പ്രദേശത്തൂടെ വെളിച്ചം ലക്ഷ്യമാക്കി ഞങ്ങള്‍ അള്ളിപ്പിടിച്ചു നടന്നു. പിന്നീട് പുറത്തേക്കുള്ള വഴി കണ്ടു", കുമാര്‍ പറഞ്ഞു.
കുറച്ചു ശുദ്ധവായു കിട്ടിത്തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്കാശ്വാസമായത്", കുമാർ കൂട്ടിച്ചേർത്തു.
കൂട്ടത്തിലൊരാളുടെ ഫോണില്‍ സിഗ്നല്‍ ലഭിച്ചതോടെ അവര്‍ സഹായത്തിനായി വിളിക്കുകയായിരുന്നു. ഒരു ചെറിയ തുളയില്‍ക്കൂടിയാണ് കുമാറിനെയും സുഹൃത്തിനെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്കെടുക്കുന്നത് . ആ സമയം ആ മനുഷ്യന്‍ വായുവിലേക്ക് ഉയര്‍ന്ന തുള്ളിച്ചാടി. ആരൊക്കെയോ ആ നിമിഷം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തി. അങ്ങനെയാണ് ആ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
content highlights: Uttarakhand Survivors speaks about their survival story
Published: 09 Feb 2021, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented