കുത്തിയൊലിച്ചുവന്ന ജലപ്രവാഹത്തില്‍ നൊടിയിടയ്ക്കുള്ളിലാണ് അവിടമാകെ ഒലിച്ചുപോയത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലും മിന്നല്പ്രളയവുമുണ്ടായത്. ഗംഗോത്രി തീര്‍ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഇത്.

കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയി. ബഹുനില മന്ദിരങ്ങളും ഹോട്ടലുകളും സ്ഫോടനത്തില്‍ തകരുന്നതുപോലെ നിലംതൊട്ടു. ഒലിച്ചെത്തിയ മണ്ണും വെള്ളവും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞത് 25 ലേറെ കെട്ടിടങ്ങളെയാണ്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. പ്രകൃതിസൗന്ദര്യം നിറഞ്ഞുനിന്ന, ആ പ്രദേശമാകെ മണ്ണു നിറഞ്ഞു.
ദുരന്തത്തില്‍പെട്ടവര്‍ എത്രയെന്നോ ആരെല്ലാമെന്നോ എവിടെനിന്ന് വന്നവരെന്നോ ഒരു തിട്ടവുമില്ല. പത്തും ഇരുപതും അടിമണ്ണ് മൂടിയ നിലയിലാണ് പ്രദേശം. വലിയ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ ദൃശ്യങ്ങള്‍, പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്.

ചിലര്‍ വാഹനങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷേ ഒന്നിനും കഴിയും മുന്നേ മനുഷ്യരും വാഹനങ്ങളും മൃഗങ്ങളും കെട്ടിടങ്ങള്‍ക്കൊപ്പം മണ്ണിമൂടിപ്പോയി.
ദുരന്തത്തില്‍ നാലുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും അന്‍പതിലേറെ പേരെ കാണാനില്ലെന്നുമാണ് അധികൃതര്‍ നല്കുന്ന വിവരം. ദുരന്തത്തിന് പിന്നാലെ ഗംഗോത്രി ധാമിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാന്‍ യാതൊരു വഴിയുമില്ലാതായി തീര്‍ന്നിട്ടുമുണ്ട്.

ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നീ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രംകൂടിയായ പ്രദേശത്ത് ഇരുപതിലേറെ ഹോട്ടലുകളും ഒട്ടേറെ ഹോം സ്റ്റേകളുമുണ്ടായിരുന്നു. ഇവയില്‍ മിക്കതും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവയ്ക്കിടയിലെല്ലാം തൊഴിലാളികളും സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നുണ്ടാവാമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നുണ്ട്.
Content Highlights: uttarakhand cloud burst and flash flood
Published: 05 Aug 2025, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented