ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ച രാവിലെ 11 മണി വരെ നിര്‍ത്തിവെച്ചു. 

ശാന്തത പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് അദ്ദേഹം സഭ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ്, ഇടത്, ടി.എം.സി, എസ്.പി., ബി.എസ്.പി., ഡി.എം.കെ. അംഗങ്ങളാണ് രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ത്തിത്. തുടര്‍ന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. 

46പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷാംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സാഹചര്യം മെച്ചപ്പെടാന്‍ നമുക്ക് കാത്തിരിക്കാമെന്നും തുടര്‍ന്ന് ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മൂന്നുദിവസം കലാപം നടന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

content highlights: uproar in parliament in connection with delhi violence