ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് വഴിതെളിച്ചത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പ്രസംഗമാണെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി. രാംലീല മൈതാനിയില്‍ ഡിസംബര്‍ 14 ന് സോണിയ നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കലാപത്തിലേക്കും വഴിതെളിച്ചതെന്ന് അവര്‍ ലോക്‌സഭയില്‍ ആരോപിച്ചു.

To advertise here,

'പൗരത്വ നിയമ ഭേദഗതിക്കെതിരെ മരണംവരെ സമരം ചെയ്യാന്‍ ഡിസംബര്‍ 14 ന് സോണിയ ആഹ്വാനം ചെയ്തു. തൊട്ടടുത്ത ദിവസമാണ് ജാമിയയില്‍ സംഘര്‍ഷമുണ്ടായത്. ഷഹീന്‍ബാഗിലും സംഘര്‍ഷം ഉണ്ടായതോടെ കലാപത്തിലേക്ക് നീങ്ങി. സിഎഎ പ്രക്ഷോഭമാണ് കലാപത്തിന് പിന്നില്‍' രാഹുല്‍ഗാന്ധി, പ്രിയങ്ക വദ്ര, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ പ്രസംഗങ്ങളും കലാപത്തിന് കാരണമായെന്ന് ബിജെപി എംപി ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അവര്‍ തള്ളി. അരുരാഗ് ഠാക്കൂറും പര്‍വേഷ് വര്‍മയുമാണ് കലാപത്തിന്റെ ഉത്തരവാദികളെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ജനുവരി 20നും 28നുമാണ് ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയത് ഫെബ്രുവരി 23നാണെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

സിഎഎ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണണമെന്ന അന്ത്യശാസനം നല്‍കിയ കപില്‍ മിശ്രയേയും അവര്‍ ന്യായീകരിച്ചു. അമാനത്തുള്ള ഖാന്‍, ഷര്‍ജീല്‍ ഇമാം, താഹിര്‍ ഹുസൈന്‍ എന്നിവര്‍ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്വം കപില്‍ മിശ്രയ്ക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയില്‍ നടന്ന കലാപങ്ങളെല്ലാം കോണ്‍ഗ്രസോ സഖ്യകക്ഷികളോ ഭരിച്ച കാലത്താണ് നടന്നത്. അതിന്റെയെല്ലാം കണക്കുകള്‍ തന്റെ കൈവശമുണ്ട്. എല്ലാം അഗ്നിക്കിരയാക്കിയ ചരിത്രമാണ് ചിലര്‍ക്കുള്ളത്. എന്നാല്‍, ഡല്‍ഹി കലാപം 36 മണിക്കൂറിനകം നിയന്ത്രണ വിധേയമാക്കിയെന്നും അവര്‍ അവകാശപ്പെട്ടു.

Content Highlights: Sonia Gandhi's speech led to Delhi riots - BJP MP