മുംബൈ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള നടപടി പിന്‍വലിക്കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനം സംയുക്തമായി ആഘോഷമാക്കാന്‍ ഉറച്ച് ശിവസേന യുബിടി വിഭാഗവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്). ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കാന്‍ വിചാരിച്ചിരുന്ന ജൂലായ് അഞ്ചിന് വിജയറാലി നടത്താനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഇരുകക്ഷികളുടേയും സംയുക്ത ക്ഷണക്കത്ത് പുറത്തിറക്കിയത്.
വര്‍ളിയിലെ എന്‍എസ്‌സിഐ ഡോമില്‍നിന്നും ജൂലായ് അഞ്ചിന് രാവിലെ 10 മണിക്കാണ് റാലി ആരംഭിക്കുക. 'മറാഠി വിജയ് ദിവസ്' എന്ന് പേരിട്ട് നടത്തുന്ന പരിപാടിയുടെ ക്ഷണക്കത്തില്‍ സംഘാടകരായി സഹോദരന്മാരുടെ മക്കളായ ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും പേരുകള്‍ ഒരുമിച്ചാണ് കൊടുത്തിരിക്കുന്നത്. പരിപാടിയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിയോ, ചിഹ്നങ്ങളോ ഉണ്ടാകില്ലെന്നും പകരം മഹാരാഷ്ട്രയുടെ ഒരു ഗ്രാഫിക് ഇമേജ് ആയിരിക്കും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിടിക്കാന്‍ നല്‍കുക എന്നും സംഘാടകര്‍ വ്യക്തമാക്കി.
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഉദ്ധവും രാജ് താക്കറെയും ഒരു രാഷ്ട്രീയ പൊതുപരിപാടിയില്‍ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ടാകും. 'നമ്മള്‍ ഈ സര്‍ക്കാരിനെ മുട്ടുകുത്തിച്ചോ? അതേ, മുട്ടുകുത്തിച്ചു. ഈ വിജയാഘോഷം നിങ്ങളുടേതാണ്. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പൊരിതിയെന്നുമാത്രം' എന്നാണ് പരിപാടിയുടെ ക്ഷണക്കത്തില്‍ എഴുതിയിട്ടുള്ളത്. യുബിടി വിഭാഗം എംപി സഞ്ജയ് റാവുത്താണ് ഇത്തരമൊരു ആഘോഷപരിപാടിയെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചത്.
ഇക്കാര്യത്തെക്കുറിച്ച് ഉദ്ധവിനോട് സംസാരിച്ചിട്ടുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും സഞ്ജയ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകുന്നേരത്തോടെ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ഉദ്ധവ് റാലി നടത്തുമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ, സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ കൂടെനിന്നതിന് നന്ദിപറഞ്ഞ് എംഎന്‍എസ് മേധാവിയും രംഗത്തെത്തി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ത്രിഭാഷാ സംവിധാനം കൊണ്ടുവരാനുള്ള തീരുമാനം ഞായറാഴ്ചയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഒന്നുമുതല്‍ അഞ്ചാംക്ലാസുവരെ മറാഠി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഹിന്ദിയെ മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള തീരുമാനമാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പിന്‍വലിച്ചത്. താക്കറെ സഹോദരന്മാരുടെ ഇടപെടലാണ് സര്‍ക്കാരിന്റെ തീരുമാനത്തെ വ്യതിചലിപ്പിച്ചതെന്നും രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒത്തുചേര്‍ന്നത് മറാത്തി ജനതയുടെ ശക്തിയും മഹാരാഷ്ട്രയുടെ താല്‍പര്യവുമാണ് പ്രധാനം എന്നതാണ് കാണിച്ചതെന്നും സഞ്ജയ് റാവുത്ത് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താക്കറെ സഹോദരന്മാരുടെ ഒത്തൊരുമ നിലനില്‍ക്കും എന്ന പ്രതീക്ഷയിലാണ് ശിവസേന പ്രവര്‍ത്തകര്‍. അങ്ങനെ സംഭവിച്ചാല്‍ മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ അധികാരം നേടാന്‍ സാധിക്കും എന്നും പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. രണ്ട് സഹോദരന്മാരും കൂടിച്ചേര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ മറാത്താശക്തിയുടെ ഭൂകമ്പം നടക്കും എന്ന് ശിവസേനാ നേതാക്കളും അഭിപ്രായപ്പെട്ടു.
Content Highlights: uddhav thackeray and raj thackeray joint invitation to celebrate marathi vijay divas maharashtra new
Published: 01 Jul 2025, 08:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented