ഗുവഹാട്ടി: നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ നീക്കം നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സഹോദരങ്ങളായ രണ്ടുപേരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളാണ് നരബലി നടത്താന്‍ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസിനെ അറിയിച്ചത്. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 

ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമവാസികളാണ് നരബലി നടത്താന്‍ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസിനെ അറിയിച്ചത്. ഗുവഹാട്ടിയില്‍നിന്ന് 370 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഇവിടെയുള്ള ജാമിയുര്‍ ഹുസൈന്‍, ഷരീഫുള്‍ ഹുസൈന്‍ എന്നിവര്‍ ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നല്‍കാന്‍ ഒരുങ്ങുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. സ്വന്തം മക്കളെ ബലി നല്‍കിയാല്‍ ഇവരുടെ വീട്ടിന് സമീപം മാവിന്‍ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്താന്‍ കഴിയുമെന്ന് വ്യാജ സിദ്ധന്‍ ഇവരോട് പറഞ്ഞുവെന്ന് പോലീസ് പറയുന്നു. 

കുട്ടികളെ കുടുംബാംഗങ്ങള്‍ തടവിലാക്കിയെന്ന സംശയം ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വിവരം അവര്‍  പോലീസിനെ അറിയിച്ചു. ആരും പരാതി നല്‍കിയിട്ടില്ലാത്തിനാല്‍ സ്വന്തം നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് അവര്‍ പറയുന്നു. സിദ്ധനെ കണ്ട് തിരിച്ചെത്തിയതു മുതല്‍ നാട്ടുകാര്‍ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും കുടുംബം പറയുന്നു. 

സിദ്ധനെ പിടികൂടുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കുടിക്കളെ നരബലിക്ക് വിധേയരാക്കിയ സംഭവങ്ങള്‍ അസമില്‍നിന്ന് മുമ്പും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അസമിലെ ഉഡാല്‍ഗിരി ജില്ലയില്‍നിന്ന് ഒരുകുട്ടിയെ നരബലിക്ക് തൊട്ടുമുമ്പ് രക്ഷപ്പെടുത്തിയിരുന്നു. 2013 ല്‍ ഒരാള്‍ 13 വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയിരുന്നു. 

കടപ്പാട് - NDTV

Content Highlights: Two detained in Assam for attempted human sacrifice to find treasure