പഹല്‍ഗാം: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് പിന്തുണയുള്ള ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ലഷ്‌ക്കറെ തൊയ്ബ(എല്‍ഇടി) അനുകൂല സംഘടനയാണ്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ടിആര്‍എഫ് രൂപീകൃതമായതെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഇടിയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് ടിആര്‍എഫിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്.

To advertise here,

കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.

കുപ്‌വാരയില്‍ ഭീകരബന്ധമുള്ള ചിലരെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയപ്പോഴാണ് ഈ പുതിയ സംഘടനയുടെ ഉദയത്തെക്കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ ഉപേക്ഷിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 2020 മുതലാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തുടങ്ങിയത്. വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും, ടിആര്‍എഫ് മാത്രമായിരുന്നു അവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. 2024 ഒക്ടോബര്‍ 20-ന് നടന്ന ഗന്തര്‍ബലിലെ സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.

2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) അനുസരിച്ച് ടിആര്‍എഫിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ടിആര്‍എഫ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക എന്നിവയിലും ടിആര്‍എഫിന് ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ പ്രവര്‍ത്തനങ്ങളാണ് ടിആര്‍എഫ് നടത്തിവന്നിരുന്നത്. ജമ്മു കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ടും നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധങ്ങള്‍ ഏകോപിപ്പിക്കുകയും കടത്തുകയും ചെയ്തതിനും ടിആര്‍എഫ് അംഗങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.