ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. ഇത് പ്രകാരം ഡല്‍ഹി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാക്കി പുനഃക്രമീകരിച്ചു.

To advertise here,

ഓഫീസ് സമയത്ത് നിരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ നിലയിലാണ് ഡല്‍ഹിയിലെ കാലാവസ്ഥ. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയായ 411 എന്ന നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് ഡല്‍ഹി കടന്നുപോകുന്നത്.

നേരത്തെ, രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രൈമറി സ്‌കൂളുകള്‍ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ്ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

വായുമലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക. ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിക്കലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. 

അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും.ഇതിന് പുറമെ ബിഎസ്-3 മലിനീകരണ മാനദണ്ഡം മാത്രം പാലിക്കുന്ന പെട്രോള്‍ വാഹനങ്ങളും ബി.എസ്-4 മാനദണ്ഡം മാത്രം പാലിക്കുന്ന ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കാന്‍ അനുവാദമുണ്ടാകില്ല.  ഇതിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പാലിക്കുന്ന 106 ബസുകള്‍ അധികമായി നഗരത്തില്‍ സര്‍വീസ് നടത്തുമെന്നും മെട്രോ ട്രെയിനുകള്‍ 60 അധിക ട്രിപ്പുകള്‍ നടത്തുമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.