ലഖ്നൗ: ജൂലായ് 23-ന് തുടങ്ങുന്ന ടോക്യോ ഒളിംപിക്സില്‍ വിജയിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആറു കോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്കു നാലു കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്കു രണ്ടു കോടി രൂപ വീതവും പാരിതോഷികമായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

 ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടുന്ന ഓരോരുത്തര്‍ക്കും മൂന്നു കോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടു കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്കു ഒരു കോടി രൂപ വീതവും സര്‍ക്കാര്‍ നല്‍കും. 

ഇതിനുപുറമെ മെഡലൊന്നും നേടിയില്ലെങ്കിലും ഒളിംപിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും പത്തു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്തുനിന്ന് പത്തു പേരാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.

Content Highlights: Tokyo Olympics: UP government to give Rs 6 crore to athletes from state who bag gold