കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ജനകീയ പ്രക്ഷോഭങ്ങളും മുന്നണി മാറ്റങ്ങളും നിർണയകമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളും രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാടകീയമായ ഒരു വളർച്ചയാണിത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബംഗാൾ നിയമസഭയിലെ ഭൂരിപക്ഷവും ഭവാനിപുർ മണ്ഡലത്തിലെ ചരിത്രപരമായ വിജയവും സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ്. തന്റെ മുൻ നേതാവായ മമതാ ബാനർജിയെ നന്ദിഗ്രാമിലും ഭവാനിപുരിലും പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ രാഷ്ട്രീയ വളർച്ച ഉദ്വേഗജനകമാണ്. കോൺഗ്രസിലും തൃണമൂലിലും പ്രവർത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽവരെ സ്വാധീനമുള്ള നേതാവാണ്.
സുവേന്ദുവിന്റെ രാഷ്ട്രീയ യാത്രയിലെ ആദ്യകാല വഴിത്തിരിവുകളിലൊന്ന് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രതിഷേധമായിരുന്നു. അന്നത്തെ ഇടത് മുന്നണി സർക്കാരിനെതിരായ സമരത്തിന്റെ പ്രധാന മുഖമെന്ന നിലയിൽ സുവേന്ദുവിന് സംസ്ഥാനത്തുടനീളം പ്രശസ്തി ലഭിച്ചു. നന്ദിഗ്രാമിലെ ഇടതുവിരുദ്ധ പ്രസ്ഥാനം ഇടത് പക്ഷത്തിന്റെ ഗ്രാമീണ അടിത്തറയെ ഗണ്യമായി ദുർബലപ്പെടുത്തുകയും മമതാ ബാനർജിയുടെയും അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെയും വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്തു.
പിന്നീട് ദക്ഷിണ ബംഗാളിലും ജംഗിൾ മഹലിലും തൃണമൂൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തരായ സംഘാടകരിൽ ഒരാളായി സുവേന്ദു ഉയർന്നു വന്നു. 2009-ൽ തംലൂക്കിൽ നിന്നുള്ള ലോക്സഭാ എംപിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗതാഗത മന്ത്രിയായി സംസ്ഥാന മന്ത്രിസഭയിൽ ചേർന്നു. അദ്ദേഹത്തിന്റെ വർധിച്ചുവരുന്ന സംഘടനാ സ്വാധീനം സംസ്ഥാനത്തെ പല ഗ്രാമീണ മേഖലകളിലും തൃണമൂൽ കോൺഗ്രസിന്റെ അടിത്തറ വികസിപ്പിക്കാൻ സഹായിച്ചു.
ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾക്കിടയിൽ 2020 ഡിസംബറിൽ അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. സുവേന്ദുവിന്റെ ഈ നീക്കം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ശക്തമായ ഒരു 'ബംഗാളി മുഖം' നൽകുകയും സംസ്ഥാനത്തെ പാർട്ടിയുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുകയും ചെയ്തു.
ഹൈ-പ്രൊഫൈൽ പോരാട്ടം നടന്ന നന്ദിഗ്രാമിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയതോടെ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സുവേന്ദുവിന്റെ കരിയറിലെ മറ്റൊരു നിർണായക അധ്യായമായി മാറി. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും സുവേന്ദുവിന്റെ വിജയം പാർട്ടിയിൽ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തി. പിന്നാലെ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സുവേന്ദുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറുന്ന കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ സാക്ഷ്യം വഹിച്ചത്. പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര വിജയം നേടിയതോടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം സുവേന്ദുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. മുമ്പ് തൃണമൂലിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച നേതാവ് ഇന്ന് തൃണമൂലിനെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞ് പുതിയൊരു കക്ഷിയെ അധികാരത്തിലെത്തിച്ചിരിക്കുകയാണ്.
Content Highlights: Rise from the 2007 Nandigram land acquisition movement. Transition from Trinamool Congress to BJP in 2020. High-profile victory over Mamata Banerjee in the 2021 Assembly election. Securing the Chief Minister post following the 2026 historic BJP win.
Published: 08 May 2026, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented