മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ്‌ അര്‍ണബ് ജയില്‍ മോചിതനായത്. 

'ഉദ്ധവ് താക്കറേ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.' ജയില്‍ മോചിതനായ ശേഷം റിപ്പബ്ലിക് ചാനല്‍ സ്റ്റുഡിയോയിലെത്തിയ അര്‍ണബ് പറഞ്ഞു. 

ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ തലോജ ജയിലില്‍ നിന്ന് അര്‍ണബ് പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബ് നേരെ പോയത് ചാനല്‍ സ്റ്റുഡിയോയിലേക്കാണ്. നവംബര്‍ എട്ടുമുതല്‍ തലോജ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ മൂന്നുവട്ടം ചോദ്യം ചെയ്തതായി അര്‍ണബ് പറഞ്ഞു. 

ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ചതിനൊപ്പം എല്ലാ ഭാഷയിലും റിപ്പബ്ലിക് ടിവി ആരംഭിക്കുമെന്ന പ്രഖ്യാപനവും അര്‍ണബ് നടത്തി.  'ഉദ്ധവ് താക്കറേ നിങ്ങള്‍ എന്നെ ഒരു പഴയ വാജ്യകേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമചോദിച്ചുമില്ല. കളി തുടങ്ങിയിട്ടേയുളളൂ. ജയിലിനുളളിലിരുന്നും എനിക്ക് ചാനല്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.'  അന്താരാഷ്ട്ര മാധ്യമലോകത്തും റിപ്പബ്ലിക് ടിവിയുടെ സാന്നിധ്യമുണ്ടാകുമെന്നും അര്‍ണബ് പ്രഖ്യാപിച്ചിട്ടുണ്ട്.  

ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് പ്രേരണാക്കുറ്റം ചുമത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വെയുടെ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. 

ബുധനാഴ്ച അര്‍ണബ് അടക്കം മൂന്നുപേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അര്‍ണബിന്റെ ജാമ്യാപേക്ഷ നിരസിച്ച ബോംബേ ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.

Content Highlights:the game has just begun says Republic TV Editor in chief Arnab Goswami