
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള നിർണായക തദ്ദേശ തിരഞ്ഞെടുപ്പ് സമീപിച്ചിരിക്കേ വൻ രാഷ്ട്രീയ നീക്കവുമായി താക്കറെ സഹോദരങ്ങൾ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചു.
ദീർഘകാലമായി അകൽച്ചയിലായിരുന്ന താക്കറെ സഹോദരന്മാർ ഒന്നിക്കുന്നതിന്റെ സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂലൈയിൽ നടന്ന മഹാറാലിയിൽ ഇരുവരും വേദി പങ്കിട്ടതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇരുവരും കൈകോർക്കുന്നുവെന്ന പ്രഖ്യാപനം. ജനുവരി 15-നാണ് തദ്ദേശ തിരഞ്ഞെടുപ്പ്. കോൺഗ്രസുമായി സഖ്യമില്ലാതെയാണ് താക്കറെ സഹോദരന്മാർ മത്സരിക്കുക.
ശിവസേനയും എംഎൻഎസും ഒന്നിക്കുകയാണെന്നും ഏറെക്കാലമായി മഹാരാഷ്ട്ര കാത്തിരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയാണെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാത്തിനുമുപരി മഹാരാഷ്ട്രയെന്ന വികാരം മുറുകെപ്പിടിക്കുമെന്ന് രാജ് താക്കരെ വ്യക്തമാക്കി. മാറാത്തിയിലായിരുന്നു രാജ് താക്കറെയുടെ പ്രസംഗം. ജനം കൈയടികളോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്.
മുംബൈയുടെ മേയർ ഒരു മറാത്തിയായിരിക്കും. അത് തന്റെയോ ഉദ്ധവിന്റെയോ പാർട്ടിയിൽനിന്നുള്ള ആളായിരിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. മറാത്തി ജനത മറ്റുള്ളവരെ ഒരിക്കലും പ്രതിസന്ധിയിലാക്കുകയില്ല, ആരെങ്കിലും വഴിയിൽ വിലങ്ങുതടിയായാൽ അവരെ വെറുതെവിടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഇരു പാർട്ടിയും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനത്തെക്കുറിച്ച് പ്രഖ്യാപനമില്ല. മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനിലേയും സീറ്റ് വിഭജനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ആണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് രാജ് താക്കറെയും ഉദ്ധവ് താക്കറെയും തമ്മിൽ ചില അസ്വാരസങ്ങൾ ഉടലെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കുന്നത്.
Content Highlights: Thackeray Brothers Unite: Shiv Sena & MNS Forge Alliance for Maharashtra Local Body Polls
Published: 24 Dec 2025, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented