ബെം​ഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ചശേഷം അതുൽ സുഭാഷ് എന്ന ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരേണ്ടതായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

To advertise here,

അതുലിന്റെ ആത്മഹത്യ രാജ്യത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് ജി.പരമേശ്വര പറഞ്ഞു. നമ്മളെപ്പോഴും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കും. എന്നാൽ ഇപ്പോഴത്തെ സംഭവം പുരുഷ അവകാശവുമായി ബന്ധപ്പെട്ട സംവിധാനം എത്ര ദുർബലമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.  ദാമ്പത്യജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ അതുൽ പറഞ്ഞിരുന്നു.

ജീവനൊടുക്കുന്നതിന് മുൻപ് പുരുഷന്മാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓയെ അതുൽ ഇ-മെയിൽ വഴി ബന്ധപ്പെട്ടിരുന്നു. അതുലിന്റെ മെയിലിലെ ഉള്ളടക്കം പരിശോധിച്ച ഇവർ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ അതുലിന്റെ മരണം തടയാനായില്ല.

കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് നിഖിതയുമായി വേർപിരിഞ്ഞ്  ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തർപ്രദേശിലെ ജോൻപൂർ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതൽ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ്പ് ലൈനില്‍ വിളിക്കുക: 1056, 04712552056)