തവാങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തടാകത്തിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയായ മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ദിനുവിന്റെ മൃതദേഹം ഇന്നലെ തന്നെ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു.
കേരളത്തിൽനിന്ന് അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ ഏഴംഗസംഘത്തിലെ രണ്ടുപേരാണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തവാങ്ങിലെ സേല എന്ന് വിളിക്കുന്ന ഹിമതടാകത്തിൽ വെച്ച് അപകടം സംഭവിച്ചത്. തടാകത്തിന് മുകളിലുണ്ടായിരുന്ന ഐസ് പാളി പൊട്ടി യുവാക്കൾ അതിനുള്ളിലേക്ക് വീഴുകയായിരുന്നു. ദിനുവിന്റെ മൃതദേഹം ഇന്നലെ തന്നെ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ മലപ്പുറം സ്വദേശിയായ മാധവനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് മാധവന്റെ മൃതദേഹം കണ്ടെത്താനായത്.
അതിശൈത്യവും മോശം ദൃശ്യപരിധിയും തിരച്ചിലിന് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഐടിബിപി, സശസ്ത്ര സീമാബൽ, എസ്ഡിആർഎഫ് എന്നീ സേനാവിഭാഗങ്ങളും പ്രാദേശിക പോലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടാമത്തെ മൃതദേഹം പുറത്തെടുക്കാനായത്.
നിലവിൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടപടികൾക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.
Content Highlights: Body of Madhavan from Malappuram, who went missing after an ice sheet broke on a Tawang lake, found. Second death from Kerala tourist group. Read details.
Published: 17 Jan 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented