ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ ജോലിയിലായിരുന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യചെയ്തു. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെയും ഭരണകക്ഷിനേതാക്കളുടെയും സമ്മർദവും കാരണമാണ് മരണമെന്ന് കുടുംബവും സഹപ്രവർത്തകരും കുറ്റപ്പെടുത്തി.

To advertise here,

തിരുക്കോയിലൂരിനടുത്ത് ശിവണാർതാങ്കളിലെ വില്ലേജ് അസിസ്റ്റന്റ് ജാഹിത ബീഗ(38)മാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എസ്‌ഐആറിന്റെ ഭാഗമായി ശിവണാർതാങ്കളിൽ എന്യൂമറേഷൻ ഫോറം വിതരണംചെയ്യുന്ന ജോലിയിലായിരുന്നു ഇവർ. ഉദ്ദേശിച്ചത്ര ഫോറം വിതരണംചെയ്യാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. ശേഖരിച്ച ഫോറങ്ങൾ ഡിജിെറ്റെസ് ചെയ്യാനും പറ്റിയില്ല. ഇതിന്റെപേരിൽ മേലുദ്യോഗസ്ഥരും പ്രാദേശിക ഡിഎംകെ നേതാക്കളും ജാഹിതയെ ശാസിച്ചിരുന്നതായി ഭർത്താവ് മുബാറക് പറഞ്ഞു.

കഴിഞ്ഞദിവസം 90 ഫോറങ്ങൾ ശേഖരിച്ച ജാഹിതയ്ക്ക് 35 എണ്ണമേ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയുള്ളൂ. ഗ്രാമത്തിലെ ഇന്റർനെറ്റ് കഫേയുടെ വേഗക്കുറവായിരുന്നു കാരണം. വീട്ടിൽവന്ന് ബാക്കി ജോലികൾ തീർക്കാൻ ശ്രമിക്കുന്നതിനിടെ താൻ പുറത്തുപോയപ്പോഴാണ് ഭാര്യ ജീവനൊടുക്കിയതെന്ന് മുബാറക് പറഞ്ഞു. ജോലിഭാരത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബിഎൽഒമാർ ഒരുദിവസം പണിമുടക്കിയിരുന്നു. അതിനുശേഷമാണ് ജാഹിതയുടെ മരണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)