ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപവുമായി തായ്‌വാൻ കമ്പനികൾ. ചെരുപ്പ് നിർമ്മാണ കമ്പനികളും ഇലക്ട്രോണിക് കമ്പനികളും അടക്കം വൻ നിക്ഷേപങ്ങളാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്നത്.

To advertise here,

ചെന്നെയിൽ വൻ നിക്ഷേപം നടത്തുന്നവരിൽ ഫോക്സ്കോൺ കമ്പനി മാത്രമല്ല. തായ്‌വാൻ നിന്ന് വിവിധ കമ്പനികൾ തമിഴ്നാട് ലക്ഷ്യം വെച്ച് നിക്ഷേപങ്ങൾക്ക് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 270 ഓളം വരുന്ന തായ്‌വാൻ കമ്പനികളിൽ ഏറെയും പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 

കാഞ്ചീരത്തെ ശ്രീപെരുംപുത്തൂറിൽ ഫോക്സ്കോൺ കമ്പനിയിലെ വനിതാ ജീവനക്കാർക്കായി 706 കോടി രൂപയുടെ റെസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തിരുന്നു. 18720 ഓളം വരുന്ന വനിതാ ജീവനക്കാർക്കായി ഡോർമിറ്ററി മോഡലിലാണ് ഭവനസമുച്ചയ പദ്ധതി.

ഫോക്സ്കോൺ ചെയർമാൻ യൂങ് ലിയൂ ചെന്നൈ സന്ദർശന സമയത്ത് തമിഴ്നാട് വ്യവസായ മന്ത്രി ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം മുതൽ ശ്രീപെരുംപുത്തൂർ വരേയുള്ള കാഴ്ചകളായിരുന്നു വീഡിയോയിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉത്പാദന നിർമ്മാതാക്കൾ തങ്ങളെന്നും ചൈന കഴിഞ്ഞാൽ ലോകത്തിലെ തന്നെ രണ്ടാമത്തെ നിർമ്മാണ സ്ഥലം തമിഴ്നാടാണെന്നും വീഡിയോയിൽ വ്യവസായ മന്ത്രി ടിആർബി രാജ അവകാശപ്പെട്ടിരുന്നു. 60000-ത്തോളം തൊഴിലാളികൾ തമിഴ്നാട്ടിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചു കൊണ്ട് പറഞ്ഞത്. 

തായ്‌വാൻ ചെരുപ്പ് നിർമ്മാണ കമ്പനിയായ ഫെങ് ടെയുടെ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ഉപകമ്പനിയായ ലോട്ടസിൽ 40,000ത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തായ്‌വാൻ ഇലക്ട്രോണിക് കമ്പനിയായ പെഗാട്രോണിൽ 20000ത്തോളം തൊളിലാളികളും ഡെൽറ്റയിൽ 20000ത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ടെന്ന് ചെന്നൈയിലെ തായിപേയ് ഇക്കണോമിക് ആൻഡ് കൾചറൽ സെന്റർ (ടിഇസിസി) നെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കിഴക്ക് ഏഷ്യൻ രാജ്യങ്ങൾ കൂടുതലും നിക്ഷേപം ചെയ്യുന്ന, ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി തമിഴ്നാട് മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തായ്‌വാനിലെ പ്രമുഖ ഷൂ കമ്പനികളായ ഷൂ ടൗൺ, ഫെങ് തായ്, പൗ ചെൻ അടക്കമുള്ള കമ്പനികൾ തമിഴ്നാട്ടിൽ ഫാക്ടറി എന്ന ലക്ഷ്യവുമായി മുമ്പോട്ട് വരികയാണ്. 2302 കോടി രൂപയുടെ പദ്ധതിയാണ് പൗ ചെൻ ധാരണയിലെത്തിയത്.