ന്യൂഡൽഹി: യു.എസിൽനിന്ന് വിട്ടുകിട്ടിയ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു. റാണയുമായുള്ള പ്രത്യേക വിമാനം വൈകീട്ടോടെ ഡൽഹിയിലെ വ്യോമസേനാ താവളത്തിൽ എത്തി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഇയാളെ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഓഫിസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു നടപടി ക്രമങ്ങൾക്കു ശേഷം പിന്നീട് തിഹാർ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും. 

To advertise here,

എൻഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരാണ് സംഘത്തിലുള്ളത്. തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചതായി നേരത്തേ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ അവ്യക്തത ഏറെനേരം തുടരുകയും ചെയ്തു. 

റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കിൽ  മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക. 

മുംബെെ ഭീകരാക്രമണക്കേസിൽ മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവൂർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവൂർ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്.  

കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഈ വർഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വച്ചത്. റാണയെ ഇന്ത്യയിലെത്തിക്കാൻ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു.  

അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം ബുധനാഴ്ച ഡൽഹിയിൽ ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കു പുറമേ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും വിദേശകാര്യ സെക്രട്ടറിയും പങ്കെടുത്തു.