ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ(64) വ്യാഴാഴ്ച ഡൽഹിയിലെത്തിക്കും. രാജ്യത്തെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. എൻഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കും.
റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും തഹാവുർ റാണയേയും പാർപ്പിക്കുക.
ഇന്ത്യയിലെത്തിച്ച ശേഷം ആദ്യം എൻഐഎ തഹാവുർ റാണയെ ചോദ്യം ചെയ്യും. മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവുർ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവുർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്. ഡൽഹിയിലെത്തിച്ച ശേഷം തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ പാർപ്പിക്കുക. തുടർന്ന് ഇവിടെ നിന്ന് മുംബൈയിലെത്തിക്കും.
കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.
അതിനിടെ കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം ബുധനാഴ്ച ഡൽഹിയിൽ ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കുപുറമേ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും വിദേശകാര്യ സെക്രട്ടറിയും പങ്കെടുത്തു.
Content Highlights: tahawwur rana extradition Live Updates 26/11 attacks
Published: 10 Apr 2025, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented