കൊൽക്കത്ത: ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം ആറ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അതിർത്തി സംരക്ഷണം, തൊഴിൽ, സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ആറ് തീരുമാനങ്ങളാണ് ബംഗാളിലെ പ്രഥമ ബിജെപി മുഖ്യമന്ത്രി ആദ്യമായി പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ് അതിർത്തിയിലെ 600 ഏക്കർ ഭൂമി ബിഎസ്എഫിന് കൈമാറാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതാണ് ഇതിൽ പ്രധാനം. ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടി സംരക്ഷണം ഒരുക്കാനാണ് ബിഎസ്എഫിന് ഭൂമി കൈമാറുന്നത്. 45 ദിവസത്തിനുള്ളിൽ ഭൂമി കൈമാറുമെന്നും ഇതിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. നിയമവിരുദ്ധ കുടിയേറ്റവും അതിർത്തി വഴിയുള്ള കള്ളക്കടത്തും ഉൾപ്പെടെ തടയാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സെൻസസുമായി ബന്ധപ്പെട്ട നടപടികൾക്ക് തിങ്കളാഴ്ച മുതൽ തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുൻ സർക്കാർ സെൻസസ് നടപടികൾ വൈകിപ്പിച്ചതിൽ അന്വേഷണം നടത്തും.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ പരിശീലനത്തിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് അയക്കുന്നതും പുനഃസ്ഥാപിച്ചു. ഇതിനുപുറമേ മുൻ വർഷങ്ങളിൽ നിയമന അവസരങ്ങൾ നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും പ്രഖ്യാപിച്ചു. ഐപിസിക്ക് പകരം രാജ്യത്ത് നടപ്പാക്കിയ ഭാരതീയ ന്യായസംഹിത(ബിഎൻഎസ്) സംസ്ഥാനത്ത് നടപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. തൃണമൂൽ സർക്കാർ ഇതുവരെ പശ്ചിമബംഗാളിൽ ബിഎൻഎസ് നടപ്പാക്കിയിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ബിഎൻഎസ് പ്രാബല്യത്തിൽവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും സംസ്ഥാനത്ത് ലഭ്യമാക്കുമെന്നും പിഎം ജന ആരോഗ്യ യോജന അടക്കമുള്ള പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും ഉടൻ സംസ്ഥാനത്ത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
മരണങ്ങളോ ഭീഷണികളോ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിനാണ് ബംഗാൾ സാക്ഷ്യംവഹിച്ചതെന്നും ഇതിന് ബംഗാളിലെ ജനങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപ്രവർത്തകർക്കും പോലീസിനും തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും അദ്ദേഹം നന്ദിയറിയിച്ചു. തങ്ങൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കും. ചിലർ അവരുടെ ജീവനാണ് നൽകിയത്, അവരെ എല്ലായ്‌പ്പോഴും ഓർമിക്കും. അവർക്ക് നീതി ഉറപ്പാക്കുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
Content Highlights: Transfer of 600 acres to BSF for border security., Immediate implementation of Bharatiya Nyaya Sanhita (BNS)., 5-year age relaxation for job seekers., Rollout of Ayushman Bharat and PM Jan Arogya Yojana., Initiation of census processes.
Published: 11 May 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented