
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റാനുള്ള കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരിന്റെ അപ്പീലിൽ ഡി. ശിൽപയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയായ കർണാടക സ്വദേശി ഡി. ശിൽപ്പ 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. 2015 ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവുമൂലമാണു കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്ന ശിൽപ്പയുടെ വാദം കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ കേഡർ മാറ്റ നടപടികൾ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെയാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് കേഡർ അനുവദിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കേഡർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 2008 ലെ നയം തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്ന് കേന്ദ്രം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് കേസിൽ ഹാജരാകുന്നത്. കേന്ദ്രത്തിന്റെ അപ്പീലിൽ മറുപടി നൽകാൻ നാല് ആഴ്ചത്തെ സമയം ശിൽപ്പയ്ക്ക് കോടതി അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഡി. ശിൽപയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി. ജോർജ് ഗിരി, ജാസ്മിൻ കുര്യൻ ഗിരി എന്നിവർ ഹാജരായി. 2015 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഡി. ശിൽപ്പ. കർണാടക കേഡറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം കേന്ദ്രം നിരസിച്ചതിനെ തുടർന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിന്റെ ഹൈദരാബാദ് ബെഞ്ചിനെ സമീപിച്ചിരുന്നു.
അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിന്റെ ഹൈദരാബാദ് ബെഞ്ച് ശിൽപ്പയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാൻ അനുമതി നൽകി. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻനിലപാട് മാറ്റാൻ തയ്യാറായില്ല. തുടർന്നാണ് കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിനെ ശിൽപ സമീപിച്ചത്. അവിടെനിന്നും അനുകൂല ഉത്തരവ് ഉണ്ടാകാത്തതിനെ തുടർന്ന് കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി രണ്ട് മാസത്തിനുള്ളിൽ കേഡർ മാറ്റി ഉത്തരവിറക്കാൻ നിർദേശിച്ചിരുന്നു.
Content Highlights: The Supreme Court has stayed the Kerala High Court`s order to transfer IPS officer D. Shilpa
Published: 20 Sept 2025, 09:38 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented