ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബുള്‍ഡോസര്‍ നീതി നിയമത്തെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നത്തിന് തുല്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബുള്‍ഡോസര്‍ നീതി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

To advertise here,

ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, സുധാന്‍ഷു ദുലിയ, എസ്.വി ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഗുജറാത്തില്‍നിന്നുള്ള ഒരു ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. 

ക്രിമിനല്‍ കേസില്‍പ്പെട്ട ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്ന മുന്‍സിപ്പല്‍ അധികൃതരുടെ ഭീഷണിക്കെതിരായ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു വീട് തകര്‍ത്ത് കുടുംബത്തിനെ മുഴുവന്‍ എങ്ങനെ ശിക്ഷിക്കാനാകും എന്ന് സുപ്രീം കോടതി ആരാഞ്ഞു. നിയമം പരമോന്നതമായ രാജ്യത്ത് ഇത്തരം നിയമ വിരുദ്ധ ഭീഷണികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ച ജസ്റ്റിസ്മാരായ  ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ബുള്‍ഡോസര്‍ നീതിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ആദ്യം ആരംഭിച്ചത്. ബുള്‍ഡോസര്‍ നീതി എന്ന് അറിയപ്പെടുന്ന ഈ നടപടി ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പിന്തുടര്‍ന്നു.