ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങള്‍(Digital Access) ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, ഗ്രാമീണ മേഖലകളിലുള്ളവരും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുമുൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സുപ്രീം കോടതി. 

To advertise here,

ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു ബാങ്കിലെ കെവൈസി (Know Your Customer) നടപടിക്രമത്തിനിടെ താൻ നേരിട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒരു ആസിഡ് ആക്രമണ അതിജീവിത നൽകിയതുൾപ്പെടെയുള്ള രണ്ട് പൊതുതാൽപ്പര്യ ഹർജികളിലാണ് വിധി.

ഡിജിറ്റൽ വിടവ് നികത്തുന്നത് നയപരമായ വിവേചനാധികാരത്തിന്റെ കാര്യമല്ല, മറിച്ച് അന്തസ്സുള്ള ജീവിതം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ അനിവാര്യതയായി മാറിയിരിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പ്രാപ്യതയ്ക്കുള്ള  അവകാശം, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഒരു പ്രധാന ഘടകമായി ഉയർന്നു വരുന്നു.  എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സംവിധാനം സർക്കാർ മുൻകൈയെടുത്ത് രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. കോടതി പറഞ്ഞു.

ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോ​ഗപ്പെടുത്താറുണ്ട്. അതിനാൽ, ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം സാങ്കേതിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണമെന്നും കോടതി പറഞ്ഞു.  മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കെവൈസി പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ക്രമീകരിക്കുന്നതിന് 20 നിർദ്ദേശങ്ങളും കോടതി നൽകി.