ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെയും, സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിനെയും വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ. പോളിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. 

To advertise here,

കേന്ദ്രസര്‍ക്കാരിനും, തനിക്കും മാത്രമേ ചര്‍ച്ചകള്‍ക്ക് അവകാശമുള്ളു എന്ന് കോടതി വ്യക്തമാക്കണം എന്നായിരുന്നു പോളിന്റെ ആവശ്യം. നിമിഷ പ്രിയ കേസിലെ മാധ്യമ റിപ്പോര്‍ട്ടിങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കലിനിടെയാണ് കെ.എ. പോള്‍ കാന്തപുരത്തിനെതിരെയും ആരോപണം ഉന്നയിച്ചത്. 

മോചനത്തിനായി കാന്തപുരവും, സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലും പണപ്പിരിവ് നടത്തുന്നു എന്നായിരുന്നു ഒരു ആരോപണം. എന്നാല്‍ ഇവര്‍ക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ.എ. പോള്‍ കോടതിയില്‍ അവകാശപ്പെട്ടു. 

നിമിഷ പ്രിയ കഴിയുന്ന ജയിലില്‍ നിന്ന് ഇന്ന് രാവിലെ ലഭിച്ചതെന്ന ആമുഖത്തോടെ ഒരു ഇ-മെയില്‍ പോള്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് പവര്‍ ഓഫ് അറ്റോര്‍ണി സാമുവേല്‍ ജെറോം, പോളിന് അയച്ച ഇ-മെയില്‍ ആയിരുന്നു. 

നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടിങ് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എ. പോള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്ക് ഒപ്പം ഹാജരാക്കിയ കത്തില്‍ മാധ്യമ റിപ്പോര്‍ട്ടിങ് വിലക്കണമെന്ന് നിമിഷ പ്രിയയും, അമ്മ പ്രേമകുമാരിയും, പവര്‍ ഓഫ് അറ്റോര്‍ണി സാമുവേല്‍ ജെറോമും ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്ന്, ഇനി നിമിഷ പ്രിയയ്ക്ക് എന്ത് സംഭവിച്ചാലും തനിക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പോള്‍ കോടതിയെ അറിയിച്ചു. 

നിമിഷ പ്രിയ കേസ് അതീവ സെന്‍സിറ്റീവായ വിഷയം ആണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ നിലപാട് കൂടി അംഗീകരിച്ചാണ് പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയത്. 

സര്‍ക്കാരും, കാന്തപുരവും ഉള്‍പ്പടെ നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് തങ്ങള്‍ പണം പിരിക്കുന്നില്ലെന്നും ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. എന്നിവര്‍ കോടതിയില്‍ വ്യക്തമാക്കി.