ഒരു വര്ഷത്തെ തീവ്രപരിശീലനവും തുടര്ന്ന് ഒരു വര്ഷത്തെ ലോ ക്ലര്ക്ക്ഷിപ്പും നിര്ബന്ധമാക്കി

ന്യൂഡൽഹി: സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ച് സുപ്രീം കോടതി. എന്നാൽ, ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒരു വർഷത്തെ തീവ്രപരിശീലനവും തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പും നിർബന്ധമാക്കി. ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രധാന കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർ ആദ്യം ബന്ധപ്പെട്ട സംസ്ഥാനത്തെ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ തീവ്രപരിശീലനം നേടണം. തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പ് പൂർത്തിയാക്കണം. ഇതിൽ ആദ്യ ആറുമാസം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെയോ ഹൈയർ ജുഡീഷ്യൽ സർവീസിലെ അംഗങ്ങളുടെയോ കീഴിൽ ആയിരിക്കും. അടുത്ത ആറു മാസം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ കീഴിലായിരിക്കും ക്ലർക്ക്ഷിപ്പ്.
മൂന്ന് വർഷത്തെ നിയമപരിചയമെന്ന മുൻ ഉത്തരവിൽ നിർദേശിച്ചിരുന്ന വ്യവസ്ഥയിലെ ബാക്കി രണ്ട് വർഷത്തിന് പകരമായാണ് പരിശീലനവും ക്ലർക്ക്ഷിപ്പും കണക്കാക്കുക. 2025 മേയ് 20 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ അപേക്ഷിക്കുന്നവർക്ക് അഭിഭാഷക വൃത്തിയിൽ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഒരു വർഷത്തേക്ക് ട്രെയിനി ജുഡീഷ്യൽ ഓഫീസർമാരായി മാത്രമേ നിയമിക്കൂ. തുടർന്ന് ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം.
മൂന്ന് വർഷത്തെ പ്രാക്ടീസ് വ്യവസ്ഥ പെട്ടെന്ന് പുനഃസ്ഥാപിച്ചതും മതിയായ മാറ്റക്കാലം അനുവദിക്കാതിരുന്നതും യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.
Content Highlights: The Supreme Court has reduced the mandatory legal practice requirement for civil judge recruitment from three years to one year. Candidates passing judicial exams must complete a one-year training and a one-year law clerkship before appointment.
Published: 21 Aug 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented